തിരുവനന്തപുരം: തട്ടുകടയിൽ അടിപിടിയുണ്ടാക്കിയ കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിനെ കാണണമെന്നാവശ്യപ്പെട്ട് അർദ്ധരാത്രി സി.പി.എം പ്രാദേശിക നേതാക്കൾ സ്റ്റേഷനിൽ ബഹളംവച്ചു. പേട്ട പോലീസ് സ്റ്റേഷനിൽ ഞായറാഴ്ച രാത്രി 11.30നായിരുന്നു സംഭവം. സ്റ്റേഷനിൽ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സുകേഷിന്റെ പരാതിയിൽ സി.പി.എം ആറ്റുവരമ്പ് ബ്രാഞ്ച് സെക്രട്ടറി രതീഷിനെതിരെ പോലീസ് കേസെടുത്തു. ഞായറാഴ്ച രാത്രി ചാക്കയിലെ തട്ടുകടയിൽ ആഹാരം കഴിക്കാനെത്തിയ ഡി.വൈ.എഫ്.ഐ ലോക്കൽ കമ്മിറ്റി അംഗവും സുഹൃത്തുക്കളും കറി കുറഞ്ഞുപോയെന്ന് ആരോപിച്ച് കടയുടമയുമായും ജീവനക്കാരുമായി തർക്കത്തിലും കൈയാങ്കളിയിലുമായി.
ഉടമയെയും ഭാര്യയെയും ഇവർ ഭീഷണിപ്പെടുത്തിയതോടെ പേട്ട പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലെത്തിച്ചു.പിന്നാലെ രണ്ട് സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാരുടെ നേതൃത്വത്തിലെത്തിയ എട്ടംഗ സംഘം കസ്റ്റഡിയിലെടുത്തവരെ കാണണമെന്നാവശ്യപ്പെട്ട് ബഹളം വച്ചു. പൊലീസുകാർ അത് അനുവദിച്ചില്ല. ഇതോടെ പോലീസുകാർക്ക് നേരെ സംഘം തട്ടിക്കയറുകയും ബലം പ്രയോഗിച്ച് സ്‌റ്റേഷനിൽ കടക്കാനും ശ്രമിക്കുകയായിരുന്നു.” സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ സംസാരിക്കാൻ നീയാരടാ” എന്ന് ചോദിച്ചായിരുന്നു പോലീസുകാരോട് രതീഷിന്റെ അക്രോശം.തട്ടുകട ഉടമ പരാതി നൽകാത്തതിനാൽ ഡി.വൈ.എഫ്.ഐ നേതാവിന്റെ പേരിൽ പോലീസ് കേസെടുത്തിട്ടില്ല.