തിരുവനന്തപുരം : വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് ജോസ് കെ മാണി പക്ഷവുമായി ധാരണയുണ്ടാക്കാനൊരുങ്ങി സിപിഎം ജില്ലാ നേതൃത്വം. കഴിഞ്ഞാഴ്ച ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ ഇതേക്കുറിച്ചുള്ള പ്രാഥമിക ചർച്ചകൾ നടന്നതായാണ് വിവരം.
ജോസ് പക്ഷവുമായുള്ള ബാന്ധവത്തെ എതിർക്കുന്ന സിപിഐയുമായി സിപിഎം നേതാക്കൾ ഇതേക്കുറിച്ച് പ്രാദേശിക തലത്തിൽ ചർച്ച നടത്തും. സിപിഐയെ അനുനയിപ്പിച്ച ശേഷമായിരിക്കും ജോസ് പക്ഷവുമായി സീറ്റുകളിൽ ധാരണയാവുക. കേരളാ കോൺഗ്രസ് നിർണായക ശക്തിയാവാൻ സാധ്യതയുള്ള സീറ്റുകളുടെ കണക്കെടുക്കുന്ന ജോലി ഇതിനോടകം സിപിഎം താഴെത്തട്ടിൽ ആരംഭിച്ചിട്ടുണ്ട്.
യുഡിഎഫിൽ നിന്നും ഒഴിവാക്കപ്പെട്ട കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തെ എൽഡിഎഫുമായി സഹകരിപ്പിക്കാൻ സിപിഎമ്മിന് താത്പര്യമുണ്ട്. എന്നാൽ സിപിഐ, ജെഡിഎസ്, എൻസിപി തുടങ്ങിയ ഘടകകക്ഷികളൊക്കെ തന്നെ ഇതിനെ എതിർക്കുകയാണ്. ഈ സാഹചര്യത്തിലാണ് മുന്നണി പ്രവേശനം എന്ന അജൻഡ മാറ്റിവച്ച് പ്രാദേശിക തലത്തിലുള്ള നീക്കുപോക്കുകൾക്കുള്ള സാധ്യത സിപിഎം പരിശോധിക്കുന്നത്.