പറവൂര്‍ : മദ്രസയിലേക്ക് പോയ വിദ്യാര്‍ത്ഥികളെ സിപിഎം നേതാക്കള്‍ തടഞ്ഞുനിര്‍ത്തി അപമാനിച്ചെന്ന് പരാതി. ചേന്ദമംഗലം മഹല്ല് ജമാഅത്ത് കമ്മിറ്റിയാണ് പരാതി നല്‍കിയിരിക്കുന്നത്. ചേന്ദമംഗലം പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡ് അംഗവും സിപിഎം പാലാത്തുരുത്ത് ബ്രാഞ്ച് സെക്രട്ടറിയുമായ ഫസലു റഹ്‌മാനാണ് കുട്ടികളെ തടഞ്ഞു നിര്‍ത്തി അപമാനിച്ചതെന്നാണ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
ചേന്ദമംഗലം ഖുവ്വത്തുല്‍ ഇസ്‌ലാം മദ്രസയിലെ വിദ്യാര്‍ത്ഥികളെ ഫസലു റഹ്‌മാന്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തി അപമാനിച്ചെന്ന പരാതി പുറത്തു വന്നതോടെ സംഭവത്തില്‍ വിമര്‍ശനം ഉയരുന്നു. മദ്രസ പഠനത്തെയും പര്‍ദ ധാരണത്തെയും അധ്യാപകനെയും കുറിച്ച് ഇയാള്‍ മോശമായി സംസാരിച്ചുവെന്ന് കുട്ടികളുടെ മാതാപിതാക്കള്‍ പരാതിയില്‍ പറയുന്നു. 2014 ഡിസംബര്‍ 19ന് ഇയാള്‍ പ്രവാചകനെ നിന്ദിച്ച പോസ്റ്റര്‍ പതിച്ചുവെന്ന് മഹല്ല് കമ്മറ്റി ആരോപിക്കുന്നു. നിരന്തരം മതാചാരങ്ങളെ നിന്ദിക്കുന്ന ഇയാള്‍ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിക്കും ജില്ലാ കമ്മിറ്റിക്കും പരാതി നല്‍കുമെന്ന് മഹല്ല് കമ്മിറ്റി പ്രസിഡണ്ട് എഎ അലിക്കുഞ്ഞ് അറിയിച്ചിട്ടുണ്ട്.