ചെന്നീർക്കര : ഐക്യ കേരളം രൂപം കൊണ്ടതിനുശേഷം കേട്ടുകേൾവി ഇല്ലാത്തതാണ് 50 % ഭൂനികുതി വർദ്ധനവെന്നും സംസ്ഥാനത്ത് മാർക്സിസ്റ്റുകളുടെയും അവർ നേതൃത്വം നൽകുന്ന സർക്കാരിന്റെയും അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്നും ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. അനിൽ തോമസ് പറഞ്ഞു. സാധാരണക്കാർ പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും പിടിയിലമർന്നു കഴിഞ്ഞു. യുവതീയുവാക്കൾ പ്രാണരക്ഷാത്രം നാടുവിടാൻ എല്ലാ വഴികളും തേടുകയാണ്. കെപിസിസി നിർദ്ദേശപ്രകാരം ചെന്നീർക്കര മണ്ഢലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച വില്ലേജ് ഓഫീസ് ധർണ്ണ ഊന്നുകല്ലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പോലീസ് സ്റ്റേഷനുകളുടെയും ജയിലുകളുടെയും നിയന്ത്രണം സിപിഎമ്മിന്റെ പിടിയിലമർന്നു കഴിഞ്ഞു. പത്തനംതിട്ടയിൽ നിയമസഭാ സ്പീക്കർ വേദിയിലിരിക്കുമ്പോൾ അവതാരകനായ അദ്ധ്യാപകന്റെ കരണത്തടിച്ചവരാണ് സിപിഎമ്മുകാർ. സംസ്ഥാനത്തെ നടുക്കിയ കൊലപാതകങ്ങളിൽ ശിക്ഷിക്കപ്പെട്ട കൊടും ക്രിമിനലുകൾക്ക് നൂറുകണക്കിന് ദിവസങ്ങളുടെ നിയമ വിരുദ്ധ പരോളുകളിലൂടെ കോടതികൾ വിധിച്ച ശിക്ഷാനടപടികൾ അട്ടിമറിക്കുന്നു. വനിതാ തടവുകാരി രാത്രിയിൽ ജയിലിൽ നിന്നും ചില മണിക്കൂറുകൾ അപ്രത്യക്ഷരായ വാർത്തയിൽ ജയിൽവകുപ്പും സംസ്ഥാന മന്ത്രിസഭയും പൊതുസമൂഹത്തോട് മറുപടി പറയണമെന്നും അനിൽ തോമസ് പറഞ്ഞു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.കെ.മണികണ്ഠന്റെ അധ്യക്ഷതയിൽ അഡ്വ. സുരേഷ് കോശി, എം.കെ.പുരുഷോത്തമൻ, രവീന്ദ്രൻ പിള്ള, അജിത് മാന്തറമഠം എന്നിവർ പ്രസംഗിച്ചു. നേരത്തെ ഊന്നുകല്ലിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എസ്.പാപ്പച്ചൻ, കല അജിത്, രാമചന്ദ്രൻ നായർ, ബ്ലോക്ക് പഞ്ചായത്ത് അംഗം അജി അലക്സ്, ബാബു കൈമൂട്ടിൽ, രാധാമണി സുധാകരൻ, ഷാജി മങ്ങാട്ടേത്ത് എന്നിവരും പരിപാടികൾക്ക് എബ്രഹാം വി ചാക്കോ, ചെറിയാൻ ചെന്നീർക്കര, കെ.കെ.പ്രഭാകരൻ, രഞ്‌ജൻ പുത്തൻപുരയ്ക്കൽ, ഓമനക്കുട്ടൻ നായർ, ലീല കേശവൻ, മെബിൻ നിരവേൽ എന്നിവരും നേതൃത്വം നൽകി.