പത്തനംതിട്ട : ഏപ്രില്‍ 6 ന് നടന്ന പോളിംഗിന് ശേഷം ജില്ലയില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപകമായ അക്രമണമാണ് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടത്തുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് ആരോപിച്ചു.
നിരവധി കേസുകളിലെ പ്രതിപട്ടികയിലുള്ള ആളുകള്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ തേര്‍വാഴ്ച നടത്തുന്നത് കണ്ടില്ലെന്നമട്ടില്‍ പെരുമാറുന്ന പോലീസുദ്യോഗസ്ഥരും അക്രമത്തിന് കൂട്ടു നില്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്. ഭരണ കക്ഷിയുടെ സ്വാധീനം വിട്ടുമാറാത്ത പോലിസുദ്യോഗസ്ഥരെ സാക്ഷിയാക്കി നടക്കുന്ന ഈ അക്രമം ഭരണം കൈവിട്ടുപോകുന്നതിന്റെ നിരാശയില്‍ നിന്നാണ്. യു.ഡി.എഫ് പ്രവര്‍ത്തകരെ അസഭ്യം പറയുകയും ശാരീരികമായി ആക്രമിക്കുകയും വീട് അക്രമിക്കുകയും ചെയ്തിട്ടും പോലീസ് കാഴ്ചക്കാരായി നില്‍ക്കുന്നത് ക്രമസമാധാനം തകര്‍ക്കുന്നതിന് പ്രോത്സാഹനം നല്‍കലാണ്.
പോലീസ് നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് തന്നെ അടൂര്‍ പോലീസ് സ്റ്റേഷന് മുമ്പില്‍ രാത്രിയില്‍ പോലും കുത്തിയിരുപ്പ് സത്യാഗ്രഹം നടത്തേണ്ടി വന്നു. ഇരവിപേരൂര്‍ പഞ്ചായത്തിലെ നന്നൂര്‍ പ്രദേശത്തെ പാര്‍ട്ടി ഗ്രാമമാക്കി ജനങ്ങളെ ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്തുകൊണ്ടിരിക്കുന്നതിനെതിരെ പോലീസ് നടപടിയെടുക്കുന്നില്ല. അടിയും മര്‍ദ്ദനവുമേറ്റ നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശുപത്രിയിലാണ്. പാര്‍ട്ടി ഓഫീസുകള്‍ അക്രമിക്കുന്നു. അക്രമികളുടെ പേരില്‍ കര്‍ശന നടപടി സ്വീകരിക്കുന്നതിന് പേലീസ് വിമുഖത കാട്ടുന്നത് അക്രമത്തെ പ്രോത്സാഹിപ്പിക്കലാണ്.
ജില്ലയിലെ ക്രമസമാധാനരംഗം തെരഞ്ഞെടുപ്പിന് ശേഷം പാടെ തകര്‍ന്നെന്നും അടിയന്തിര നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറായി നാട്ടില്‍ സമാധാനം പുനസ്ഥാപിക്കണമെന്നും ബാബു ജോര്‍ജ്ജ് ആവശ്യപ്പെട്ടു.