റാന്നി : ഇട്ടിയപ്പാറ ബസ് സ്റ്റാൻഡ് നവീകരണത്തിന് സ്ഥലം വിട്ടു നൽകാതെ പദ്ധതി അട്ടിമറിക്കുന്നതിൽ പ്രതിഷേധിച്ച് സി.പി ഐ.(എം) നേതൃത്വത്തിൽ പഴവങ്ങാടി പഞ്ചായത്ത് പ്രസിഡൻ്റിനെ ഉപരോധിച്ചു. ഇന്നലെ രാവിലെ 10.30 മുതൽ 12.45 വരെയാണ് പ്രസിഡൻ്റ് റൂബി കോശിയെ ഓഫീസിനുള്ളിൽ തടഞ്ഞു വെച്ചത്. വിഷയം ചർച്ച ചെയ്യുന്നതിന് അടിയന്തിരമായ ഗ്രാമ പഞ്ചായത്ത് കമ്മറ്റി ചേർന്ന് ഉചിതമായ തീരുമാനം എടുക്കണമെന്ന ആവശ്യം അംഗീകരിച്ചതോടെയാണ് സമരം അവസാനിച്ചത്. സി.പി.എം. പഴവങ്ങാടി ലോക്കൽ കമ്മറ്റി സെക്രട്ടറി പ്രസാദ് എൻ. ഭാസ്ക്കരൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അജിത് ഏണസ്റ്റ്, അനീഷ് ഫിലിപ്പ്, ഷൈനി രാജീവ്, ലോക്കൽ കമ്മറ്റിയംഗങ്ങളായ അനു ടി. ശാമുവേൽ, മോനായി പുന്നൂസ്, കെ ഉത്തമൻ, വി.ആർ സദാശിവൻ, സുരേഷ് ആർ , വർഗീസ് തോമസ് , ഷിജു ജോർജ് എന്നിവർ നേതൃത്വം നൽകി.
പഴവങ്ങാടി ഗ്രാമ പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലാണ് ഇട്ടിയപ്പാറ ബസ് സ്റ്റാൻഡ്. ദിവസേനെ നൂറു കണക്കിന് യാത്രക്കാർ എത്തിച്ചേരുന്ന ബസ് സ്റ്റാൻഡാണിത്. എന്നാൽ യാത്രക്കാർക്ക് സുരക്ഷിതമായി എത്തുന്നതിനുള്ള സൗകര്യം ബസ് സ്റ്റാൻഡിനില്ല. പരിമിതികൾ നിറഞ്ഞ ബസ് സ്റ്റാൻഡ് നവീകരിക്കുന്നതിനാണ് പ്രമോദ് നാരായണൻ എം.എൽ.എ 3 കോടി രൂപ അനുവദിച്ചത്. പദ്ധതിക്കാവശ്യമായ സ്ഥലം വിട്ടു നൽകണമെന്നാവശ്യപ്പെട്ട് എം.എൽ എ 3 തവണ ഗ്രാമ പഞ്ചായത്തിനു കത്ത് നൽകിയിരുന്നു. പല വിധ തടസങ്ങൾ ചൂണ്ടിക്കാട്ടി പഞ്ചായത്ത് ഭരണ സമതി കത്തിന് മറുപടി നല്‍കുകയായിരുന്നു. ഏറ്റവുമവസാനം ജില്ലാ ഭരണകൂടം വിഷയത്തിൽ ഇടപെട്ടു. പഞ്ചായത്ത് കമ്മറ്റി ചേർന്ന് സ്ഥലം വിട്ടു നൽകുന്നതിൽ തീരുമാനം എടുത്തില്ലെങ്കിൽ ശക്തമായ തുടർ സമരം ആരംഭിക്കുമെന്ന് ലോക്കൽ സെക്രട്ടറി പ്രസാദ് എൻ. ഭാസ്ക്കരൻ അറിയിച്ചു.