കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എമ്മിന്റെ സ്ഥാനാർത്ഥി നിർണയ ചർച്ച തിങ്കളാഴ്ച തുടങ്ങും. ഓരോ ജില്ലയിൽനിന്ന് പരിഗണിക്കേണ്ടവരുടെ നിർദേശങ്ങൾ പരിശോധിച്ചാകും സംസ്ഥാന നേതൃത്വത്തിന്റെ അന്തിമ തീരുമാനം.
ശനിയാഴ്ച തിരുവനന്തപുരത്ത് എ.കെ.ജി. സെന്ററിൽ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്ക് തുടക്കമിട്ടു. മാർച്ച് ഒന്നുമുതൽ മൂന്നുവരെയുള്ള ദിവസങ്ങളിൽ ജില്ലാ സെക്രട്ടേറിയറ്റുകൾ യോഗംചേർന്ന് നിർദേശങ്ങൾക്ക് രൂപംനൽകി സംസ്ഥാന നേതൃത്വത്തിനു കൈമാറണം. ഇത് നാല്, അഞ്ച് തീയതികളിൽ ചേരുന്ന സംസ്ഥാനകമ്മിറ്റി യോഗം വിലയിരുത്തും. സംസ്ഥാന സെക്രട്ടേറിയറ്റ് അന്തിമ പട്ടികയ്ക്കു രൂപംനൽകും.
രണ്ടുതവണ നിയമസഭാംഗമായവരെ സംഘടനാ പ്രവർത്തനങ്ങളിലേക്കു നിയോഗിക്കുന്നതാണ് സി.പി.എമ്മിന്റെ സ്ഥാനാർത്ഥി നിർണയത്തിനുള്ള പൊതു മാനദണ്ഡം. എന്നാൽ ചില മണ്ഡലങ്ങളിൽ വിജയസാധ്യത ഉൾപ്പെടെയുള്ള ഘടകങ്ങൾ പരിശോധിച്ചാകും തീരുമാനം. സംസ്ഥാന സെക്രട്ടേറിയറ്റ് പുതുതായി നിർദേശങ്ങളൊന്നും മുന്നോട്ടുവെച്ചിട്ടില്ല.