തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥി പട്ടികയുടെ അന്തിമഘട്ടത്തിലാണ് മുന്നണികള്‍. സിപിഎമ്മിന് പതിനൊന്ന് വനിതാ സ്ഥാനാര്‍ഥികളുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. പുതുമുഖങ്ങളെ പരീക്ഷിക്കുമെന്ന് പറഞ്ഞ സി പി എം പലരേയും മനഃപൂര്‍വ്വം ഒഴിവാക്കുന്നതായി റിപ്പോര്‍ട്ട്. ചിന്താ ജെറോമിനെ പോലുള്ള തീപ്പൊരി നേതാക്കള്‍ക്ക് ഇത്തവണ സീറ്റില്ല. യുവജന കമ്മീഷന്‍ ചെയര്‍ പേഴ്സണ്‍ എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്‌ച്ച വെച്ചയാളാണ് ചിന്താ ജെറോമെന്ന് അണികള്‍ അഭിപ്രായപ്പെടുന്നു.
കൂടാതെ നിരവധി പേരെ പാര്‍ട്ടി തഴഞ്ഞു. മുന്‍ ആഗ്ലോ ഇന്ത്യന്‍ എംഎല്‍എ കൂടിയായ അന്തരിച്ച സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീനയ്ക്ക് സീറ്റ് നല്‍കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ സീറ്റ് നല്‍കേണ്ടെന്ന തീരുമാനത്തിലാണ് നേതൃത്വം. എസ്.എഫ്.ഐ പ്രവര്‍ത്തകരെ തോല്‍ക്കുന്ന സീറ്റില്‍ മത്സരിപ്പിക്കുന്നതെന്ന ആരോപണം നിലനില്‍ക്കുമ്പോഴും കോട്ടയം പുതുപ്പള്ളിയില്‍ ഇത്തവണയും ചാവേറാകാന്‍ ജെയ്ക്ക് സി തോമസ് റെഡി ആണ്. മറ്റൊരുനേതാവായ വി.പി.സാനുവിനെ മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കാനാണ് നിയോഗിച്ചിരിക്കുന്നത്.
അതേസമയം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 12 വനിതാ സ്ഥാനാര്‍ഥികളായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. ഇത്തവണ 11 പേരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ തവണ മത്സരിച്ചവരില്‍ മന്ത്രിമാരായ കെ കെ ശൈലജയും മേഴ്‌സിക്കുട്ടിയമ്മയും വീണ്ടും ജനവിധി തേടും.