തിരുവനന്തപുരം: കേരളത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ വിവേചനം അവസാനി പ്പിക്കണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം ആവശ്യപ്പെട്ടു. 2019–20ല്‍ 24,915 കോടി രൂപയുടെ പൊതുവായ്‌പയ്‌ക്ക് കേരളത്തിന് അര്‍ഹതയുണ്ട്. ഇത് ഏകപക്ഷീയമായി 16,602 കോടി രൂപയായി വെട്ടിക്കുറച്ചു. ജിഎസ്‌ടി നഷ്ടപരിഹാരമായി ഡിസംബറില്‍ നല്‍കേണ്ട 1600 കോടിരൂപ നല്‍കിയിട്ടില്ല. തൊഴിലുറപ്പുപദ്ധതിക്ക് 1215 കോടിരൂപയും നെല്ല് സംഭരണത്തിന് 1035 കോടിരൂപയും കുടിശ്ശിക നല്‍കാനുണ്ട്. മഹാപ്രളയത്തെ നേരിട്ട സംസ്ഥാനത്തിന് പ്രകൃതിക്ഷോഭ ദുരിതാശ്വാസ ഫണ്ടില്‍നിന്ന് ആവശ്യമായ തുക അനുവദിക്കണം. വിവിധ മേഖലകളില്‍ ലഭിക്കാനുള്ള തുക ഉടന്‍ നല്‍കണമെന്നും കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.
തടങ്കല്‍കേന്ദ്രങ്ങള്‍ പൊളിച്ചുനീക്കണം
രാജ്യത്ത് നിലവിലുള്ള തടങ്കല്‍കേന്ദ്രങ്ങള്‍ ഉടന്‍ പൊളിച്ചുനീക്കണമെന്നും പുതിയവ നിര്‍മിക്കരുതെന്നും സിപിഐ എം കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. ഇത്തരം കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശം കേന്ദ്രം പിന്‍വലിക്കണം. നിര്‍ദേശം സംസ്ഥാനങ്ങള്‍ അനുസരിക്കരുത്. അസമില്‍ നിലവിലുള്ള തടങ്കല്‍കേന്ദ്രങ്ങളില്‍ കഴിയുന്നവരെ സാധാരണജീവിതം നയിക്കാന്‍ അനുവദിക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.
ജമ്മു കശ്‌മീരിന്റെ സംസ്ഥാനപദവി പുനഃസ്ഥാപിക്കണം
ജമ്മു കശ്‌മീരിന്റെ സംസ്ഥാനപദവി പുനഃസ്ഥാപിക്കണമെന്നും തടവിലാക്കപ്പെട്ട രാഷ്‌ട്രീയനേതാക്കളെ ഉടന്‍ വിടണമെന്നും സിപിഐ എം കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. ഇന്ത്യയുടെ ഭാഗമാകുന്ന സമയത്ത് കശ്മീര്‍ ജനതയ്‌ക്ക് നല്‍കിയ ഉറപ്പ് പാലിക്കണം. മൂന്ന് മുന്‍ മുഖ്യമന്ത്രിമാരടക്കം ആയിരങ്ങളെ തടവിലാക്കിയിട്ട് നാല് മാസം പിന്നിട്ടു. കശ്‌മീരില്‍ പൗരസ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും പുനഃസ്ഥാപിക്കണം. ഗതാഗത, വാര്‍ത്താവിനിമയ രംഗത്ത് നിയന്ത്രണം തുടരുകയാണ്. ജമ്മു കശ്‌മീരിന്റെ സമ്പദ് വ്യവസ്ഥയെയും ജനജീവിതത്തെയും ഇത് കാര്യമായി ബാധിച്ചു. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കശ്‌മിരിലെ ക്യാമ്പുകള്‍ : കേന്ദ്രം വ്യക്തത വരുത്തണം
കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായി ‘തീവ്രവാദവിരുദ്ധ’ ക്യാമ്പുകള്‍ സ്ഥാപിക്കണമെന്ന സൈനികമേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ പ്രസ്താവന അംഗീകരിക്കാനാകില്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി വ്യക്തമാക്കി. കശ്‌മീരില്‍ ഇത്തരം ക്യാമ്പുകള്‍
പ്രവര്‍ത്തിക്കുന്നുവെന്ന വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. സൈന്യമാണ് ക്യാമ്പുകള്‍ നടത്തുന്നതെന്നാണ് ജനറല്‍ റാവത്തിന്റെ വാക്കുകളില്‍നിന്ന് മനസ്സിലാകുന്നത്. ഇത് സത്യമാണോ എന്ന് മോഡി സര്‍ക്കാര്‍ ഉടന്‍ വ്യക്തമാക്കണം. നിയമവിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണ് ഇത്തരം ക്യാമ്പുകളെന്നും കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു.