കൊച്ചി : സംസ്ഥാനത്ത് മതപരമായ ഭിന്നിപ്പുണ്ടാക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമത്തിന് സിപിഎം കുടപിടിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സുരേഷ് ഗോപിക്കും ഗോപാലകൃഷ്ണനെതിരെയും കേസെടുക്കുന്നില്ല. ചേലക്കരയിൽ മതപരമായ ഭിന്നിപ്പുണ്ടാക്കാൻ ന്യൂനപക്ഷ മോർച്ച ലഘുലേഖ വിതരണം ചെയ്തതിലും കേസില്ല. മുനമ്പത്തെ ഭൂ പ്രശ്നത്തിൽ ഒരു മുസ്‌ലിം സംഘടനകളും നാട്ടുകാർക്കെതിരല്ല. പത്ത് മിനിറ്റ് കൊണ്ട് സർക്കാരിന് തീർക്കാവുന്ന പ്രശ്നം സംഘപരിവാറിന് വേണ്ടി നീട്ടിക്കൊണ്ടുപോവുകയാണ്. വിഷയം കോടതിക്ക് പുറത്ത് സർക്കാരിന് തീർപ്പാക്കാവുന്നതാണെന്നും വി ഡി സതീശൻ പറഞ്ഞു.
സീ പ്ലെയ്ൻ പദ്ധതിക്കെതിരെ ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുമെന്ന് പറഞ്ഞ് ചുവന്ന കൊടികുത്തിയ അതേ കായലിലാണ് ഇപ്പോൾ വിമാനം ഇറക്കിയത്. വിഴിഞ്ഞം റിയൽ എസ്റ്റേറ്റെന്ന് പറഞ്ഞവരാണ്, ഇപ്പോൾ അങ്ങനെയല്ലെന്ന് പറയുന്നു. നാണമില്ലാതെ ഉപരോധം നടത്തിയവർ വിമാനത്തിലിരുന്ന് കൈ വീശുകയാണ്. സർക്കാർ കുത്തിപ്പൊക്കിയ വിഷയമാണ് വഖഫ് വിഷയം. ക്രൈസ്തവ – മുസ്ലിം വിഷയമുണ്ടാകാനാണ് സർക്കാർ ശ്രമം. ചെറുതുരുത്തിയിൽ പിടിച്ച പണം ഞങ്ങളുടേതല്ല. സ്പിരിറ്റ് കൊണ്ടുവന്ന് വോട്ട് പിടിക്കുകയാണെങ്കിൽ ഈ എക്സൈസ് മന്ത്രി രാജിവച്ചു പോകണം. കേരളം മുഴുവൻ മദ്യവും മയക്കുമരുന്നും ഒഴുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.