തിരുവനന്തപുരം : വഞ്ചിയൂരിൽ റോഡിൽ സ്റ്റേജ് കെട്ടി സി.പി.എം ഏരിയാ സമ്മേളനം നടത്തിയതിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. നാളെ വഞ്ചിയൂർ എസ്.എച്ച്.ഒ ഫയലുകളുമായി നേരിൽ ഹാജരായി വിശദീകരണം നൽകണം. റോഡ് അടയ്ക്കാൻ സംഘാടകർക്ക് ആരാണ് അധികാരം നൽകിയതെന്ന് കോടതി ചോദിച്ചു. സമ്മേളനത്തിൽ ആരെല്ലാം പങ്കെടുത്തു, പരിപാടികൾ എന്തെല്ലാം, എത്ര വാഹനങ്ങൾ കൊണ്ടുവന്നു, വൈദ്യുതി കിട്ടിയതെങ്ങനെ തുടങ്ങിയവ അറിയിക്കണം. ഇക്കാര്യത്തിൽ സർക്കാരും വിശദമായ സത്യവാങ്മൂലം നൽകണം. റോഡുകളിൽ പൊതുയോഗം നടത്തുന്നവർക്കെതിരെ സ്വീകരിക്കുന്ന നടപടിയെന്തെന്ന് സർക്കാർ അറിയിക്കണം. കോടതിയലക്ഷ്യക്കേസ് വേണ്ടതാണെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വാക്കാൽ പറഞ്ഞു. ഉദ്ഘാടകനായിരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സംസ്ഥാന പോലീസ് മേധാവി തുടങ്ങിയവരെ എതിർകക്ഷികളാക്കി മരട് സ്വദേശി എൻ. പ്രകാശ് നൽകിയ കോടതിയലക്ഷ്യ ഹർജിയാണ് പരിഗണിച്ചത്.
ഡിസംബർ 5നായിരുന്നു വഞ്ചിയൂർ കോടതിക്കും പോലീസ് സ്റ്റേഷനും സമീപത്തെ ഏരിയാസമ്മേളനം. പാളയം ഏരിയാ കമ്മിറ്റിക്കെതിരെയും കണ്ടാലറിയുന്ന 500 പേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. സമ്മേളനം നടത്താനല്ലാതെ നടുറോഡിൽ സ്റ്റേജ് കെട്ടാൻ സി.പി.എം അനുമതി വാങ്ങിയിരുന്നില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. 2021ൽ ഡിവിഷൻബെഞ്ചിൻ്റെ ഉത്തരവിൽ സർക്കാർ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതാണ്. ഹൈക്കോടതിയുടെ തീരുമാനം സുപ്രീംകോടതി ശരിവെയ്ക്കുകയും ചെയ്തിരുന്നു. മാർഗരേഖ ഫ്രീസറിൽ വെച്ചിരിക്കുകയാണോ? ഈ സ്റ്റേജുകൾ കെട്ടിയും ഫുട്‌പാത്തുകളിൽ
കസേരകൾ നിരത്തിയും യോഗങ്ങൾ നടത്തുന്നത് തുടർക്കഥയാണ് ഭിന്നശേഷിക്കാരടക്കം റോഡിന് നടുവിലൂടെ സുരക്ഷ പണയപ്പെടുത്തി പോകേണ്ട സ്ഥിതിയുണ്ട്.