തിരുവനന്തപുരം: ജനപ്രിയ പദ്ധതി പ്രഖ്യാപനങ്ങള്‍ ഒന്നുമില്ലാത്ത രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ അവസാന ബജറ്റിനെ വിമര്‍ശിച്ച് സിപിഎം. ദരിദ്ര ജനവിഭാഗങ്ങളും തൊഴിലാളികളും അനുഭവിക്കുന്ന പ്രശ്നങ്ങളൊന്നും കേന്ദ്ര സർക്കാരിന്റെ നയരൂപീകരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങളല്ല എന്ന് രാഷ്ട്രപതിയുടെ പ്രസംഗത്തിൽ നിന്നും കേന്ദ്രബജറ്റിൽ നിന്നും വ്യക്തമാണെന്ന് പാര്‍ട്ടി കേരള ഘടകത്തിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വന്ന കുറിപ്പിൽ പറയുന്നു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിലും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലും ഒരിടത്തുപോലും തൊഴിലാളി എന്ന വാക്കില്ല എന്നത് ശ്രദ്ധേയമാണെന്നും സിപിഎം ചൂണ്ടിക്കാട്ടി. ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കപ്പെട്ട ആദായ നികുതി പരിധിയില്‍ പോലും ഒരു മാറ്റവും ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ടില്ല. നേട്ടങ്ങള്‍ എണ്ണമിട്ട ധനമന്ത്രി സര്‍ക്കാര്‍ തുടരുമെന്ന പ്രതീക്ഷ മുന്‍പോട്ട് വച്ചാണ് ബജറ്റവതരണം പൂര്‍ത്തിയാക്കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ചത് ധനമന്ത്രിയും പറഞ്ഞു വയ്ക്കുകയായിരുന്നു. സര്‍ക്കാര്‍ മൂന്നാമതും അധികാരത്തില്‍ വരുമെന്ന പ്രതീക്ഷയിലായിരുന്നു ബജറ്റ് അവതരണം. 58 മിനിട്ടുകൊണ്ട് അവസാനിപ്പിച്ച ബജറ്റില്‍ പറഞ്ഞതിലേറെയും കഴിഞ്ഞ പത്ത് വര്‍ഷത്തെ നേട്ടങ്ങളായിരുന്നു. 2047 ഓടെ വികസിത ഭാരതം ലക്ഷ്യമിടുന്നുവെന്നും വനിത ശാക്തീകരണത്തിന് മുന്‍ തൂക്കം നൽകുമെന്നും പറയന്നു. സ്വയം സഹായ സംഘങ്ങളിലൂടെ 9 കോടിയോളം വനിതകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി തുടരും, അടിസ്ഥാന സൗകര്യത്തിനായി 11 ലക്ഷം കോടി വിലയിരുത്തും, അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ 2 കോടി വീടുകള്‍ കൂടി നിര്‍മ്മിക്കും, പുതിയ വിമാനത്താവളങ്ങള്‍ക്ക് അനുമതി നല്‍കും, നിലവിലുള്ളവ നവീകരിക്കും മൂന്ന് റയിൽവേ ഇടനാഴികള്‍ യാഥാര്‍ത്ഥ്യമാക്കും, നാല്‍പതിനായിരം ബോഗികള്‍ വന്ദേ ഭാരത് നിലവാരത്തിലാക്കുമെന്നുമാണ് പ്രഖ്യാപനങ്ങൾ.