തിരുവല്ല : ട്രാവൻകൂർ ഷുഗേഴ്സിലെ അഴിമതി സംബന്ധിച്ച് എട്ടുമാസം മുമ്പ് സിപിഎം പ്രാദേശിക നേതൃത്വം പരാതി ഉന്നയിച്ചെങ്കിലും നടപടി ഉണ്ടായില്ല. സ്പിരിറ്റിന്റെ അളവിൽ കുറവുണ്ടെന്നും ഉദ്യോഗസ്ഥരുടെ നടപടികൾ ക്രമപ്രകാരം അല്ലെന്നതും അടക്കം ഗുരുതര ആരോപണങ്ങളാണ് പ്രാദേശിക നേതൃത്വം പരാതിയിൽ ഉന്നയിച്ചത്.
എന്നാൽ പാർട്ടിക്കുള്ളിലെ വിഭാഗീയതയുടെ ഭാഗമായാണ് പരാതിയെ അന്നു കണ്ടത്. കമ്പനിയിലെ തൊഴിലാളി യുണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ടും പരാതി ഉന്നയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആക്ഷേപത്തിൽ മാത്രം. ജനറൽ മാനേജർ അടക്കമുള്ളവരെക്കുറിച്ചുള്ള പരാതി മുക്കി. ട്രാവൻകൂർ ഷുഗേഴ്സിലെ അഴിമതി സംബന്ധിച്ച് ഒരു പരാതിയും ലഭിച്ചതായി ഓർക്കുന്നില്ലെന്ന് അന്നത്തെ എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. പരാതി ലഭിച്ചിരുന്നെങ്കിൽ നടപടി എടുക്കുമായിരുന്നു. യുഡിഎഫ് – എൽഡിഎഫ് സർക്കാരുകളിൽ ഒരു പോലെ സ്വാധീനം കേസിൽ പ്രതി ചേർക്കപ്പെട്ട ജനറൽ മാനേജർക്ക് ഉണ്ടായിരുന്നതായി പറയപ്പെടുന്നു. 58ാം വയസിൽ വിരമിക്കേണ്ട ജനറൽ മാനേജരുടെ പെൻഷൻ പ്രായം 60 ആയി ഉയർത്തിയത് കഴിഞ്ഞ എൽഡിഎഫ് സർക്കാരിൽ സ്വാധീനം ഉപയോഗിച്ചാണെന്നും ആരോപണമുണ്ട്. ഇപ്പോഴത്തെ ജനറൽ മാനേജർക്ക് 2025 വരെ സർവീസുണ്ട്.
പരാതികളുണ്ടായാലും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജനറൽ മാനേജർ തസ്തികകളിൽ നിയമിക്കപ്പെടുന്നവരെ മാറ്റുന്നതിന് ചട്ടപ്രകാരമുള്ള തടസ്സങ്ങളാണ് അന്നു നടപടിയെടുക്കാതെ പോയതിനു പിന്നിലെന്ന വിശദീകരണവും ബന്ധപ്പെട്ടവർ നൽകുന്നു. ഒരു കമ്പനിയുടെ ജനറൽ മാനേജരെ മാറ്റുമ്പോൾ മറ്റൊരു കമ്പനിയിൽ അതേ തസ്തികയിൽ നിയമിക്കണമെന്നാണ് ചട്ടം. അല്ലെങ്കിൽ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാം. എന്നാൽ പാർട്ടി നേതൃത്വം പരാതി നൽകിയിട്ടും അന്വേഷിക്കാൻ തയ്യാറാകാതിരുന്നതിന്റെ അനന്തര ഫലമാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നും പാർട്ടി കേന്ദ്രങ്ങളിൽ തന്നെ അടക്കം പറച്ചിലുണ്ട്.