പത്തനംതിട്ട : കോണ്‍ഗ്രസ് പാര്‍ട്ടിയിലൂടെ നേടാവുന്നതെല്ലാം നേടിയിട്ട് സി.പി.എമ്മില്‍ ചേക്കേറിയ ബാബു ജോര്‍ജ്ജിന്‍റെയും സജി ചാക്കോയുടെയും നടപടി വഞ്ചനാപരവും രാഷ്ട്രീയ ധാര്‍മികതയുടെ ലംഘനവുമാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, ഡി.സി.സി വൈസ് പ്രസിഡന്‍റ് എ. സുരേഷ് കുമാര്‍, ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം എന്നിവര്‍ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റായും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായും സ്ഥാനമാനങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് നേടിയ ബാബു ജോര്‍ജ്ജ് കോണ്‍ഗ്രസിനെയും നേതാക്കളെയും തള്ളിപ്പറഞ്ഞ് സി.പി.എമ്മിലേക്ക് പോയത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണ്. അച്ചടക്ക ലംഘനത്തിന് പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട ബാബു ജോര്‍ജ്ജ് പാര്‍ട്ടി അച്ചടക്കം പാലിച്ച് തുടര്‍ നടപടിയില്‍ നിന്നും ഒഴിവാകുന്നതിന് പകരം കോണ്‍ഗ്രസിന്‍റെ അംഗത്വം രാജിവച്ച് മുതിര്‍ന്ന നേതാക്കളെ സമൂഹമധ്യത്തില്‍ നിരന്തരമായി ആക്ഷേപിക്കുകയായിരുന്നു.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തീരുമാനം ഇല്ലാതെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ നിന്നും ലക്ഷക്കണക്കിന് രൂപ പിരിച്ചെടുത്തതിന്‍റെ കണക്ക് അവതരിപ്പിക്കണമെന്ന് മാത്രമാണ് പ്രൊഫ. പി.ജെ കുര്യന്‍ ഡി.സി.സി യോഗത്തില്‍ ആവശ്യപ്പെട്ടത്. കൂടാതെ പിരിച്ചെടുത്ത പണത്തില്‍ നിന്നും യാതൊരു സഹായവും സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കാതിരുന്നത് ശരിയായില്ലെന്നും മാത്രമാണ് അദ്ദേഹം യോഗത്തില്‍ പറഞ്ഞത്. ഇതിന്‍റെ പേരിലാണ് തുടന്ന് പ്രൊഫ. പി.ജെ കുര്യന്‍, ആന്‍റോ ആന്‍റണി എം.പി, ഡി.സി.സി പ്രസിഡന്‍റ് തുടങ്ങിയ നേതാക്കളെ പത്രസമ്മേളനം വിളിച്ച് ആക്ഷേപിക്കുകയും ഇവര്‍ക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തത്. ഇത് ജില്ലയില്‍ കോണ്‍ഗ്രസിനെ തകര്‍ക്കുവാന്‍ സി.പി.എമ്മുമായി ഉണ്ടാക്കിയ ധാരണയുടെയും ഗൂഢാലോചനയുടെയും ഫലമായിട്ടായിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സഹകരണ രംഗത്തെ നിരവധി സ്ഥാനങ്ങള്‍ എന്നിവ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും കരസ്ഥമാക്കിയതിനുശേഷം ഡി.സി.സി യുടെയും കെ.പി.സി.സി യുടെയും നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി സി.പി.എം നേതാവിനെ പാനലില്‍ ഉള്‍പ്പെടുത്തി മല്ലപ്പള്ളി കാര്‍ഷിക വികസന ബാങ്കില്‍ ഡയറക്ടറാക്കി തുടര്‍ന്ന് കെ.പി.സി.സി പ്രസിഡന്‍റ് സജി ചാക്കോയോട് ബാങ്ക് പ്രസിഡന്‍റ് സ്ഥാനം രാജിവെക്കുവാന്‍ ആവശ്യപ്പെട്ടിട്ട് ആയത് അവഗണിക്കുകയും സി.പി.എമ്മുമായി ചേര്‍ന്ന് സംസ്ഥാന കാര്‍ഷിക വികസന ബാങ്ക് പ്രതിനിധിയെ തെരഞ്ഞെടുക്കുന്നത് അട്ടിമറിക്കുവാന്‍ ശ്രമിക്കുകയും ഉണ്ടായി. തുടര്‍ന്ന് കോണ്‍ഗ്രസ് അംഗം ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്ത് ഉത്തരവുവാങ്ങിയാണ് കോണ്‍ഗ്രസ് പ്രതിനിധിയെ തിരഞ്ഞെടുത്തത്. മനപ്പൂര്‍വ്വം കെ.പി.സി.സി നിര്‍ദ്ദേശം ലംഘിച്ച് അച്ചടക്കനടപടിക്ക് വിധേയനായി സി.പി.എമ്മില്‍ ചേക്കേറുവാനാണ് ഇപ്രകാരം സജി ചാക്കോയും പ്രവര്‍ത്തിച്ചത്. ഡി.സി.സി പ്രസിഡന്‍റായും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായും ഇരുന്ന് ജില്ലയിലെ കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനങ്ങളെ പുറകോട്ടടിച്ച് കഴിഞ്ഞ ത്രിതല പഞ്ചായത്ത്, അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ വലിയ തിരിച്ചടി ഉണ്ടാക്കിയതിന് കാരണക്കാരായ ഇവരുടെ സി.പി.എം പ്രവേശനം ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു പോറല്‍ പോലും ഏല്‍പ്പിക്കില്ല. മറിച്ച് ഗുണം മാത്രമേ ഉണ്ടാവുകയുള്ളു.