തുമ്പമൺ : തുമ്പമൺ പഞ്ചായത്തിലെ ചില കുടുംബശ്രീകളിൽ നടന്ന അഴിമതി വകുപ്പുതലത്തിൽ അന്വേഷണം നടത്തണമെന്നും കുടുംബശ്രീ പ്രവർത്തകരെ കൈയ്യേറ്റം ചെയ്തവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സിപിഎം തുമ്പമൺ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. തുമ്പമൺ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ മുൻ സെക്രട്ടറി അഴിമതി നടത്തിയ സംഭവത്തിൽ പരാതിപറയാൻ കഴിഞ്ഞദിവസം സിഡിഎസ് യോഗത്തിൽ എത്തിയ കുടുംബശ്രീ പ്രവർത്തകരെ കൈയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയുംചെയ്തിരുന്നു. രണ്ട് കുടുംബശ്രീ വനിതകൾ ആശുപത്രിയിൽ ചികിത്സതേടുകയും ചെയ്തിരുന്നു. കുടുംബശ്രീകളിൽ നടക്കുന്ന അഴിമതി ചൂണ്ടിക്കാട്ടി പതിനൊന്നാം വാർഡ് കുടുംബശ്രീ സെക്രട്ടറി അശ്വതിയുൾപ്പെടെ പത്ത് കുടുംബശ്രീ പ്രവർത്തകരും ചേർന്ന് മുഖ്യമന്ത്രിക്കും വകുപ്പുതല ഉദ്യോഗസ്ഥർക്കും പരാതി നൽകിയിരുന്നു.
ഇതിൽ പ്രകോപിതരായ ചിലരാണ് പരാതിക്കാരെ െെകയേറ്റം ചെയ്തതെന്ന് സിപിഎം ആരോപിച്ചു. തുമ്പമൺ സൊസൈറ്റി ജംഗ്ഷനില്‍ നിന്നാരംഭിച്ച മാർച്ച് ടൗൺചുറ്റി തുമ്പമൺ പഞ്ചായത്ത് ഓഫീസ് പടിക്കൽ സമാപിച്ചു. പ്രതിഷേധ സമരം സിപിഎം പന്തളം ഏരിയ സെക്രട്ടറി ആർ. ജ്യോതികുമാർ ഉദ്ഘാടനംചെയ്തു. ലോക്കൽ കമ്മിറ്റി അംഗം കെപി. മോഹനൻ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി സി.കെ. സുരേന്ദ്രൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ എൻ.സി. അഭീഷ്, എസ്. കൃഷ്ണകുമാർ, വിവിധ സംഘടനാ നേതാക്കളായ ഫിലിപ്പോസ് വർഗീസ്, പി.കെ. പ്രസാദ്, കെ.സി. പവിത്രൻ, റോയി വർഗീസ്, തോമസ് വർഗീസ്, പി.എസ്. ജോസ്, അരവിന്ദ് എന്നിവർ പ്രസംഗിച്ചു.