പീരുമേട് : പരുന്തുംപാറയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയ ജില്ലാ കളക്ടറുടെ നടപടിക്കെതിരെ സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗ്ഗീസ് ആഞ്ഞടിച്ചു. നൂറു വർഷത്തിലധികമായി പട്ടയഭൂമിയിൽ താമസിക്കുന്ന 5 ഉം പത്തും സെന്റിലും താമസിക്കുന്നവരെ കയ്യേറ്റത്തിന്റെ പേരിൽ ഇറക്കിവിടാൻ ശ്രമിക്കുന്ന റവന്യൂ വകുപ്പിന്റെ തെറ്റായ നടപടിക്കെതിരെ രൂക്ഷമായ ഭാഷയിൽ അദ്ദേഹം സംസാരിച്ചു. രണ്ടു സർവ്വേ നമ്പറുകളിൽ ആയിരക്കണക്കിന് ആളുകളെ ബാധിക്കുന്ന പ്രശ്നം വളരെ ലാഘവത്തോടെ മൂന്ന് മാസം എല്ലാനിർമ്മാണ പ്രവർത്തനങ്ങളും നിർത്തി വെച്ച ജില്ലാ ഭരണകൂടത്തിന്റെ നടപടിക്കെതിരെയാണ് സി.പി.എം സെക്രട്ടറി ആഞ്ഞടിച്ചത്.
രാജഭരണ കാലത്ത് ലഭിച്ച ചെമ്പു പട്ടയവും ജനാധിപത്യ ഗവൺമെന്റ് കാലത്ത് ആരംഭിച്ച പട്ടയവും ലഭിച്ച വസ്തു കൈമാറിയാണ് ഇന്നും ഇവിടെ താമസിക്കുന്നത്. ഈ വസ്തുവിൽ താമസിക്കുന്നവർ രേഖകളുമായി റവന്യൂ ഉദ്യോഗസ്ഥരുടെ മുൻപിൽ എത്തണമെന്ന് ആവശ്യപ്പെട്ട് ആയിര കണക്കിന് ആളുകൾക്ക് നോട്ടീസ് നൽകിയിരിക്കുന്നു. ജില്ലാ ഭരണകൂടം ഒരു പ്രദേശത്തെ മുഴുവൻപേരും കയ്യേറ്റക്കാരാണെന്ന് ചിത്രീകരിക്കുന്നു. റവന്യൂ വകുപ്പിന്റെ ഇത്തരം തെറ്റായ സമീപനത്തിനെതിരെയാണ് ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തുന്നത്. കയ്യേറ്റം നടത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിന് ഞങ്ങൾ എതിരല്ല. ജില്ലാ ഭരണകൂടം തെറ്റായ നിലപാട് അവസാനിപ്പിക്കണം. അല്ലാത്ത പക്ഷം നിയമപരമായും ജനകീയ പ്രതിരോധം തീർത്തും മുന്നോട്ടു പോകുമെന്ന് അദ്ദേഹം പറഞ്ഞു.