പത്തനംതിട്ട: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തിനു കാരണക്കാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്‌ക്കെതിരെ എടുത്ത കേസ് കേസ് തേച്ചു മാച്ചു കളയാന്‍ എല്ലാ ശ്രമവും സിപിഎം നടത്തുന്നുണ്ടെന്നും പക്ഷേ അതിന് അനുവദിക്കില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. കേസ് നടത്താന്‍ കുടുംബത്തിന് എല്ലാ സഹായവും നല്‍കും. വല്ലാത്ത സങ്കാടവസ്ഥയിലാണ് ആ കുടുംബം. ഇനി ഇത്തരമൊരവസ്ഥ ആര്‍ക്കുമുണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നു. മലയാലപ്പുഴയില്‍ നവീന്‍ ബാബുവിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംശുദ്ധമായ ഔദ്യോഗിക ജീവിതം നയിച്ച ആളായിരുന്നു നവീന്‍ ബാബു എന്നാണ് മനസിലാകുന്നത്.
ജില്ലാപഞ്ചായത്ത് പ്രസിഡന്റിനെ രക്ഷിക്കാനുള്ള പഴുതുകള്‍ ഉണ്ടാക്കുകയാണ് ഇപ്പോള്‍ സിപിഎം. കേസ് തേച്ചു മാച്ചു കളയാനുള്ള ശ്രമത്തിന്റെ ഭാഗമാണ് വ്യാജമായ വിജിലന്‍സ് പരാതി അടക്കം ഉണ്ടാക്കിയിരിക്കുന്നത്. ഇതുപോലെ തന്നെയാണ് ആന്തൂരില്‍ സാജന്‍ എന്ന പ്രവാസിയെ ഇവര്‍ മരണത്തിലേക്കു തള്ളിവിട്ടത്. എംവി ഗോവിന്ദന്റെ ഭാര്യ ശ്യാമളയാണ് അന്ന് സാജന്‍ ആത്മഹത്യ ചെയ്യാന്‍ കാരണക്കാരിയായത്. എന്നാല്‍ ആവിഷയത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് കേസ് അവസാനിപ്പിച്ചു. കേസുമായി മുന്നോട്ടു പോകരുതെന്ന് ആ കുടുംബത്തെ ഭീഷണിപ്പെടുത്തി. അവര്‍ക്ക് രണ്ട് കുട്ടികളുണ്ടായതു കൊണ്ട് അവര്‍ കേസുമായി മുന്നോട്ടു പോയില്ല. അതേ അനുഭവം ഈ കുടുംബത്തിനുണ്ടാകരുത്. കേസ് തേച്ചു മാച്ചു കളയാന്‍ സിപിഎം ശ്രമിക്കുന്നതായി ഞങ്ങള്‍ക്ക് വിവരം കിട്ടിയിട്ടുണ്ട്.
പത്തനംതിട്ട ജില്ലാ കമ്മിറ്റി നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പം നില്‍ക്കുന്നുണ്ടെങ്കിലും കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്കു മുന്നില്‍ അവര്‍ക്ക് യാതൊരു വിലയുമുണ്ടാകാന്‍ പോകുന്നില്ല. കാരണം അവരാണ് നാടു ഭരിക്കുന്നത്. എന്തുകൊണ്ട് നവീന്‍ ബാബുവിന്റെ ആത്മഹത്യാക്കുറിപ്പ് കാണുന്നില്ല എന്നതും അന്വേഷിക്കണം. ഇനി ആര്‍ക്കും ആന്തൂരിലെ സാജന്റെ കുടുംബത്തിന്റെ അനുഭവം ഉണ്ടാകരുത്. അധികാരരത്തിന്റെ അഹങ്കാരമാണ് ഇവര്‍ക്ക്. കുഞ്ഞു പിണറായിമാര്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഈ വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കും. ഐ എൻ ടി യൂ സി പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, ഡിസിസി വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതിപ്രസാദ്, യുഡിഫ് കൺവീനർ ഷംസുദ്ധീൻ, ജ്യോതിഷ്കുമാർ മലയാലപ്പുഴ, എലിസബത് അബു, നഹാസ് പത്തനംതിട്ട, ജോൺസൻ വിലവിനാൽ, പ്രമോദ് താന്നിമൂട്ടിൽ ബാബുജി ഈശ, സുധീഷ് പൊതീപ്പാട് എന്നിവർ ചെന്നിത്തലക്കൊപ്പം ഉണ്ടായിരുന്നു.
സരിനെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചു. സരിന്‍ ഇപ്പോള്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അടഞ്ഞ അധ്യായമാണ്. ഇപ്പോള്‍ അദ്ദേഹം സിപിഎം പക്ഷത്താണ്. അദ്ദേഹത്തെക്കുറിച്ച് പറയേണ്ട കാര്യമില്ല. സരിനടക്കം പാലക്കാട് സീറ്റില്‍ മത്സരിക്കാന്‍ യോഗ്യതയുള്ള ഡസന്‍ കണക്കിന് നേതാക്കള്‍ കോണ്‍ഗ്രസിലുണ്ട്. എല്ലാവരെയും മത്സരിപ്പിക്കാനാവില്ലല്ലോ. എ.ഐസിസി ഒരു തീരുമാനമെടുത്താല്‍ അത് അന്തിമമാണ്. അത് അംഗീകരിക്കുക എന്നതാണ് അടിയുറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കടമ. കോണ്‍ഗ്രസിന് നിലവില്‍ ചേലക്കരയില്‍ രമ്യാ ഹരിദാസും പാലക്കാട്ട് രാഹുല്‍ മാങ്കുട്ടവും സ്ഥാനാര്‍ഥികളായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. പ്രചാരണവും തുടങ്ങിക്കഴിഞ്ഞു. ഞങ്ങളുടെ പോരാട്ടം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയാണ്. ഞങ്ങളുടെ രണ്ട് സ്ഥാനാര്‍ഥികളും വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും. വയനാട്ടിലെ കാര്യം പറയേണ്ടതില്ല. കഴിഞ്ഞ തവണത്തേതിലും വലിയ ഭൂരിപക്ഷമായിരിക്കും – ചെന്നിത്തല പറഞ്ഞു.