പൊന്നാനി : സി.പി.എം പൊന്നാനി നഗരം ലോക്കല്‍ കമ്മിറ്റിക്കു കീഴിലെ ആദ്യ ബ്രാഞ്ച് സമ്മേളനംതന്നെ വാക്കേറ്റത്തില്‍ കലാശിച്ചു. തുടര്‍ന്ന് ഏരിയാ നേതൃത്വം ഇടപെട്ടു സമ്മേളനം നിര്‍ത്തിവെപ്പിച്ചു. മീന്‍തെരുവ് ബ്രാഞ്ച് സമ്മേളനത്തിലാണ് വാക്കേറ്റമുണ്ടായത്. വെള്ളിയാഴ്‌ച പാര്‍ട്ടി പ്രവര്‍ത്തകന്റെ വസതിയിലായിരുന്നു സമ്മേളനം. ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് അതത് ലോക്കല്‍ കമ്മിറ്റികളില്‍നിന്ന് ഒരംഗത്തിനു ചുമതലനല്‍കും.
മീന്‍തെരുവ് ബ്രാഞ്ച് സമ്മേളനത്തിന്റെ ചുമതല പൊന്നാനി നഗരം ലോക്കല്‍ സെന്റര്‍ അംഗവും മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സി.ഐ.ടി.യു) ജില്ലാസെക്രട്ടറിയുമായ കെ.എ റഹീമിനായിരുന്നു. എന്നാല്‍ റഹീമിനെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കില്ലെന്ന നിലപാട് ബ്രാഞ്ച് കമ്മിറ്റിയംഗവും പൊന്നാനി നഗരസഭാ കൗണ്‍സിലറുമായ സൈഫുദ്ദീന്‍ ഉള്‍പ്പെടെയുള്ളവര്‍ നിലപാട് സ്വീകരിച്ചതോടെ സമ്മേളനം അനിശ്ചിതത്വത്തിലായി.
പൊന്നാനിയില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കിടയില്‍ വിഭാഗീയതയുടെ വിത്തിട്ടത് റഹീമാണെന്നാണ് എതിര്‍വിഭാഗത്തിന്റെ ആരോപണം. പി.ശ്രീരാമകൃഷ്‌ണനെ സ്ഥാനാര്‍ഥിയാക്കണമെന്നു നേതൃത്വത്തോട് ആവശ്യപ്പെടാന്‍ പൊന്നാനി ഹാര്‍ബര്‍ കേന്ദ്രീകരിച്ച് റഹീമിന്റെ നേതൃത്വത്തില്‍ ഒപ്പുശേഖരണം നടത്തിയിരുന്നു. അതാണ് പൊന്നാനിയില്‍ പ്രതിഷേധപ്രകടനം വരെയുള്ള പ്രശ്‌നങ്ങള്‍ക്കു വഴിവെച്ചതെന്ന ആരോപണം ഉയര്‍ത്തിയാണ് സമ്മേളന പ്രതിനിധികള്‍ പ്രതിഷേധിച്ചത്.