കൊല്ലം : സിപിഐഎം നേതാക്കള്‍ നടുറോഡില്‍ തമ്മിലടിച്ചു. ആയൂര്‍ ഇളമാട് ലോക്കല്‍ കമ്മിറ്റി അംഗം നിതീഷ്, ഇടത്തറ ബ്രാഞ്ച് സെക്രട്ടറി രജീബ് എന്നിവരാണ് തമ്മില്‍ തല്ലിയത്. ഇരുവര്‍ക്കും എതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചു. കഴിഞ്ഞ മാസം 26നാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇളമാട് പുള്ളുണ്ണി മഹാവിഷ്ണുക്ഷേത്രത്തിലെ ഉത്സവ ഘോഷയാത്രയ്ക്കിടെ നിതീഷും രജീബും ഏറ്റുമുട്ടി. തൊട്ടടുത്ത ദിവസം രാത്രി എട്ടുമണിയോടെ ഇടത്തറപണ ജംഗ്ഷനില്‍ വെച്ച് വലിയ രീതിയിലുള്ള സംഘര്‍ഷം ഉണ്ടായി. ഇതിന്റെ ദൃശ്യങ്ങള്‍ ചിലര്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിപ്പിക്കുകയും ചെയ്തു. പ്രാദേശിക നേതാക്കള്‍ തമ്മിലടിച്ചത് പാര്‍ട്ടിക്ക് വലിയ രീതിയില്‍ അവമതിപ്പുണ്ടാക്കിയെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ചേര്‍ന്ന ലോക്കല്‍ കമ്മിറ്റി വിലയിരുത്തുകയും ഇരുവര്‍ക്കും എതിരെ അച്ചടക്ക നടപടി സ്വീകരിച്ചു.
രണ്ടുപേരെയും പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും ഒഴിവാക്കിയായിരുന്നു. ഇളമാട് ലോക്കല്‍ കമ്മിറ്റിയുടെതാണ് നടപടി. എന്നാല്‍ തന്റെ ഭാഗം ന്യായീകരിക്കുന്നതിനായി നിധീഷ് ഇന്ന് ഇളമാട് ജംഗ്ഷനില്‍ രാഷ്ട്രീയ വിശദീകരണയോഗം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസ് ഇതിന് അനുമതി നിഷേധിച്ചു. തനിക്കെതിരായ അച്ചടക്ക നടപടിയില്‍ പ്രതിഷേധിച്ച് നിതീഷ് പാര്‍ട്ടി വിടാന്‍ ആലോചിക്കുന്നതായി സൂചനയുണ്ട്. നിതീഷിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും സജീവമെന്നാണ് വിവരം. മുന്‍ ഇളമാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്രയുടെ ഭര്‍ത്താവ് കൂടിയാണ് നിതീഷ്.