മാവേലിക്കര: മാവേലിക്കരയില്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയതിന് അറസ്റ്റിലായ അധ്യാപകനും ഗ്രാമപഞ്ചായത്ത് അംഗവുമായ സി.പി.എം നേതാവിനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സി.പി.എം ചെട്ടികുളങ്ങര തെക്ക് ലോക്കല്‍ കമ്മിറ്റി അംഗമായ കൈതവടക്ക് ശ്രീഭവനില്‍ എസ്. ശ്രീജിത്തിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷനാണ്. അമ്പലപ്പുഴ കാക്കാഴത്തെ എയ്ഡഡ് ടി.ടി.ഐ അധ്യാപകനായ ഇയാള്‍ക്കെതിരെ ആദ്യം നാലു വിദ്യാര്‍ഥിനികളാണ് സ്‌കൂള്‍ മാനേജ്‌മെന്റിന് പരാതി നല്‍കിയത്.
വിദ്യാര്‍ത്ഥിനികള്‍ ജില്ല പോലീസ് മേധാവിക്ക് പരാതി നല്‍കിയതോടെ അമ്പലപ്പുഴ പോലീസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക് ജാമ്യം അനുവദിച്ചെങ്കിലും പിന്നീട് മറ്റൊരു വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയില്‍ പുന്നപ്ര പോലീസ് കേസെടുത്തതോടെ റിമാന്‍ഡിലായി. ശ്രീജിത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ചെട്ടികുളങ്ങരയില്‍ ബി.ജെ.പിയും യൂത്ത് കോണ്‍ഗ്രസും സമരരംഗത്ത് എത്തിയിരുന്നു.