തിരുവനന്തപുരം : സി.പി.എം സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്നുതുടങ്ങും. കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കുള്ള മടങ്ങിവരവ് പ്രധാന ചര്‍ച്ചയാകും. അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പുവീഴ്ചകളില്‍ ജി.സുധാകരനെതിരായ നടപടിയും ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തും. ഇന്ന് സെക്രട്ടേറിയറ്റും ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാന സമിതിയും ചേരും. ബിനീഷ് കോടിയേരി ജയില്‍ മോചിതനായതോടെ കോടിയേരി ബാലകൃഷ്ണന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിയെത്താന്‍ ധാര്‍മികമായുണ്ടായിരുന്ന തടസം നീങ്ങിക്കഴിഞ്ഞു. കോടിയേരിയുടെ മടങ്ങിവരവുണ്ടാകുമെന്ന് നേതാക്കള്‍ സമ്മതിക്കുന്നുണ്ട്.
എന്നാല്‍ എന്ന് എന്ന കാര്യത്തിലാണ് വ്യക്തതവരേണ്ടത്. തന്റെ മടങ്ങിവരവ് സി.പി.എം തീരുമാനിക്കുമെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. സമ്മേളനങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിയുടെ കീഴില്‍ തന്നെ പൂര്‍ത്തിയാക്കണമെന്ന അഭിപ്രായത്തിനാണ് പാര്‍ട്ടിയില്‍ മുന്‍തൂക്കം. സമ്മേളനം വഴി കോടിയേരി മടങ്ങിയെത്തുന്നതിനുള്ള സാധ്യതയും തെളിയുന്നു. അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ വീഴ്ചകള്‍ അന്വേഷിച്ച എളമരം കരീമും കെ.ജെ തോമസും അംഗങ്ങളായുള്ള കമ്മീഷന്റെ റിപ്പോര്‍ട്ട് ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിലെത്തും.
ജി.സുധാകരനും പരാതി ഉന്നയിച്ച എച്ച്.സലാമിനുമെതിരായ പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. സംസ്ഥാനസമിതിയിലെ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാകും നടപടി. തിരഞ്ഞെടുപ്പ് വീഴ്ചകളുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടേറിയറ്റ് മുതല്‍ താഴേക്കുള്ള നേതാക്കള്‍ക്കെതിരെ കടുത്ത നടപടികളാണ് സി.പി.എം ഇതുവരെ സ്വീകരിച്ചത്. ദേശീയതലത്തില്‍ കോണ്‍ഗ്രസിനോടുള്ള സമീപനം സംബന്ധിച്ച ചര്‍ച്ചയും നേതൃയോഗങ്ങളിലുണ്ടാകും.