മലപ്പുറം: പി വി അൻവറിന്‍റെ ആരോപണങ്ങൾക്ക് മലപ്പുറം ചന്തക്കുന്നിൽ തന്നെ മറുപടിയുമായി സിപിഎം. നൂറുകണക്കിന് പ്രവർത്തകരെ എത്തിച്ച് ചന്തക്കുന്നില്‍ നടക്കുന്ന രാഷ്ട്രീയ വിശദീകരണയോഗം സംഘടിപ്പിച്ചാണ് സിപിഎം അന്‍വറിന് മറുപടി നല്‍ക്കുന്നത്. സിപിഎം പിബി അംഗം എ വിജയരാഘവൻ യോഗം ഉദ്ഘാടനം ചെയ്തു. നിലമ്പൂര്‍ ആയിഷയും യോഗത്തില്‍ പങ്കെടുത്തു. ആര്‍എസ്എസ്- സിപിഎം ബന്ധം പറയുന്നവരുടെ തൊലി പരിശോധിക്കണമെന്ന് എ വിജയരാഘവൻ വിമര്‍ശിച്ചു. മലപ്പുറത്തിന് വേറെ അര്‍ത്ഥം കൊടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. വര്‍ഗീയ കണ്ണിലൂടെ മലപ്പുറത്തെ കാണുന്നത് തെറ്റാണെന്നും വിജയരാഘവന്‍ പറഞ്ഞു. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ആര്‍എസ്‍സുകാരനെന്ന് പറഞ്ഞ് പി വി അന്‍വര്‍ സ്വയം ചെറുതായി. സ്വര്‍ണ്ണക്കടത്ത് പിടിക്കുന്നത് ക്രമസമാധാന പ്രശ്നം ഇല്ലാതാക്കാന്‍ വേണ്ടിയാണ്. ഇത് ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞാല്‍ നിവര്‍ത്തിയില്ലെന്നും വിജയരാഘവന്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിയെ കരിവാരിത്തേക്കാൻ ശ്രമിച്ചാൽ അതിന് ആളെ കിട്ടില്ല. ഒരു ഭീഷണിക്ക് മുന്നിലും കീഴടങ്ങില്ലെന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയെ മുന്നിൽ നിന്നും പിന്നിൽ നിന്നും കുത്തി തോൽപ്പിക്കാൻ ആർക്കും കഴിയില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.
വിഷയത്തില്‍ മാധ്യമങ്ങളെയും എ വിജയരാഘവൻ വിമര്‍ശിച്ചു. വർഗീയ ശക്തികളും കമ്മ്യൂണിസ്റ്റ് വിരുദ്ധരും മാധ്യമങ്ങളും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിച്ചിട്ടും കേരളത്തിൽ തുടർഭരണമുണ്ടായി. സർക്കാരിനെതിരെ കള്ളം പറയാൻ മാത്രം ശമ്പളം കൊടുത്ത് മാധ്യമ പ്രവർത്തകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവർ കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുന്നവരാണെന്നും വിജയരാഘവൻ വിമര്‍ശിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാൻ ഒരാളെ കിട്ടിയെന്ന് ആഘോഷിക്കുകയാണോ എന്നും എ വിജയരാഘവൻ ചോദിച്ചു. ഈ ചെങ്കൊടി തൊട്ട് കളിക്കണ്ട എന്നാണ് പാര്‍ട്ടി നിലപാടെന്ന് സിപിഎം നിലമ്പൂർ ഏരിയ സെക്രട്ടറി ഇ പത്മാക്ഷൻ പറഞ്ഞു. അൻവറിനെ നെഞ്ചോട് ചേർത്ത് കൊണ്ട് നടന്നിട്ടുണ്ട്. പക്ഷേ പാർട്ടിക്കെതിരെ അധിക്ഷേപങ്ങൾ ചൊരിയാൻ തുടങ്ങിയാൽ അതിനെ വക വെച്ച് തരില്ല. നിലമ്പൂരിലെ വികസനങ്ങൾ പുത്തൻ വീട്ടിൽ തറവാട്ടിൽ നിന്ന് കൊണ്ട് വന്നതല്ല. മാസങ്ങളോളം ആഫ്രിക്കയിൽ പോയി കിടക്കുമ്പോഴും അൻവറിനെ സംരക്ഷിച്ചത് നിലമ്പൂരിലെ സാധാരണക്കാരായ സഖാക്കളാണെന്നും ഇ പത്മാക്ഷൻ രാഷ്ട്രീയ വിശദീകരണയോഗത്തില്‍ ഇ പത്മാക്ഷൻ പറഞ്ഞു.