തിരുവനന്തപുരം : സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണം ശക്തമായിരിക്കെ സി പി എമ്മിന്റെ നിര്‍ണായക സ്ഥംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് നടക്കും. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് എതിരായ ആരോപണവും പഞ്ചായത്ത് തിരഞ്ഞെടുപ്പിനായി പാര്‍ട്ടി ഘടകങ്ങളെ സജ്ജമാക്കുന്നതും ചര്‍ച്ചയാകും.
സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിലടക്കം മികച്ച നിലയില്‍ പ്രവര്‍ത്തിച്ച സര്‍ക്കാറിന് മേല്‍ കരിനിയല്‍ വീഴ്ത്തുന്നതാണ് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായി മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അടക്കമുള്ളവരുടെ ബന്ധമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ഈ വിഷയത്തിലെ പ്രതിരോധ നടപടിയാകും പ്രധാന ചര്‍ച്ചയാകുക. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഒരു മുതിര്‍ന്ന നേതാവിനെ കൊണ്ടുവരുന്നതും ചര്‍ച്ചയാകും. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ അഭിപ്രായമാകും നിര്‍ണായകം.
ശിവശങ്കറിന്റെ ഇടപെടലുകളില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ജാഗ്രതക്കുറവുണ്ടായി എന്നാണ് പൊതു വിലയിരുത്തല്‍. ഓഫീസില്‍ പ്രൈവറ്റ് സെക്രട്ടറി അഡി. പ്രൈവറ്റ് സെക്രട്ടറി തലത്തില്‍ അഴിച്ചുപണി വേണമെന്ന ആവശ്യം ശക്തമാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എം വി ജയരാജന്‍ നേരത്തെയുണ്ടായിരുന്നു. അദ്ദേഹം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായതിന് ശേഷമാണ് ശിവശങ്കര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് എത്തിയത്. പുതിയ പശ്ചാത്തലത്തില്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നോ സംസ്ഥാനകമ്മിറ്റിയില്‍ നിന്നോ ഉള്ള ഒരാള്‍ക്ക് ഓഫീസ് ചുമതല നല്‍കാനാണ് ആലോചനയെന്നാണ് റിപ്പോര്‍ട്ട്.