പത്തനംതിട്ട : ആരോഗ്യമന്ത്രി വീണാ ജോർജ് ജില്ലയിൽ പൂർത്തിയാക്കിയ വികസന പദ്ധതികളുടെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തുവിടാൻ സിപിഎം പത്തനംതിട്ട ജില്ല നേതൃത്വത്തിന് ആർജ്ജവമുണ്ടോയെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ്. കഴിഞ്ഞ ഒമ്പതു വർഷത്തിനിടെ ജില്ലയിൽ 970 കോടിയുടെ വികസനമാണ് മന്ത്രി വീണാ ജോർജ് കൊണ്ടുവന്നതെന്നാണ് സിപിഎമ്മിന്റെ അവകാശവാദം. പത്തനംതിട്ട ജില്ലാ ആസ്ഥാനം ഉൾപ്പെടുന്ന സ്വന്തം മണ്ഡലമായ ആറന്മുളയിൽ എത്ര പദ്ധതികളാണ് മന്ത്രിക്ക് പൂർത്തീകരിക്കാൻ കഴിഞ്ഞത്. ജില്ലാ ആസ്ഥാനത്തെ വികസന മുരടിപ്പിലേക്ക് തള്ളിവിട്ടതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും വീണാ ജോർജിന് ഒഴിഞ്ഞുമാറാൻ കഴിയുമോ.
ജില്ലാ സ്റ്റേഡിയം, അബാൻ മേൽപ്പാലം, കെഎസ്ആർടിസി ബസ് സ്റ്റാന്റ്, പത്തനംതിട്ട ജനറൽ ആശുപത്രി, കുമ്പഴ- പത്തനംതിട്ട റോഡ്, കോഴഞ്ചേരി പാലം, കോഴഞ്ചേരി മാർക്കറ്റ്, സുബല പാർക്ക് തുടങ്ങി നിരവധി പദ്ധതികളാണ് വീണ ജോർജിന്റെ കഴിവുകേടുകൊണ്ട് മാത്രം ഇന്നും ഇഴഞ്ഞുനീങ്ങുന്നത്.
പത്തനംതിട്ട നഗരത്തിൽ ജനങ്ങളും വ്യാപാരികളും കഴിഞ്ഞ ഒമ്പതു വർഷമായി തീരാദുരിതത്തിലാണ്. പുതിയ ബസ് സ്റ്റാന്റ് സാമൂഹികവിരുദ്ധർ കയ്യടക്കിയിരിക്കുന്നു. ഇതുവഴി കാൽനട യാത്ര പോലും ദുസഹമായി മാറി. ജില്ലയിൽ ആരോഗ്യ മേഖലയാകെ തകർന്നു. കൊട്ടിഘോഷിച്ച് ആരംഭിച്ച കോന്നി മെഡിക്കൽ കോളേജിന്റെ പ്രവർത്തനം പോലും അത്രകണ്ട് ശുഭകരമല്ല. ആവശ്യത്തിന് ജീവനക്കാർ ഇല്ല. പ്രവർത്തന പരിചയമുള്ള ഡോക്ടർമാരില്ല. അത്യാഹിത വിഭാഗത്തിൽ രോഗികൾക്ക് മതിയായ ചികിത്സയും ലഭിക്കുന്നില്ല. ജില്ലയിലെ താലൂക്ക് ആശുപത്രികളുടെ പ്രവർത്തനങ്ങളും ഏറെ പരിതാപകരമാണ്. ചുരുക്കത്തിൽ പാവപ്പെട്ട ജനങ്ങൾ സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ട ഗതികേടാണ് നിലനിൽക്കുന്നത്. സ്വന്തം മണ്ഡലത്തിൽ പോലും കാര്യമായ ഇടപെടൽ നടത്താൻ കഴിയാത്ത മന്ത്രിക്ക് ജില്ലയുടെ മുഴുവൻ അട്ടിപ്പേറവകാശം നൽകാനുള്ള സിപിഎമ്മിന്റെ ശ്രമം അപഹാസ്യമാണ്. മറ്റ് നാല് മണ്ഡലങ്ങളിലേയും ഇടത് എംഎൽഎമാർ കഴിവുകെട്ടവർ ആണെന്നാണോ സിപിഎം പറയുന്നത്. സ്വന്തം അണികൾക്കിടയിൽ നിന്ന് മാത്രമല്ല, പോഷക സംഘടന ഭാരവാഹികൾ പോലും മന്ത്രി വീണാ ജോർജിനെ പരിഹസിക്കുകയാണ്. കാലിനടിയിലെ മണ്ണൊലിച്ച് പോകുമ്പോഴും പരിഹാസ കഥാപാത്രമായ മന്ത്രിയെ ചുമക്കാനുള്ള സിപിഎമ്മിന്റെ തത്രപ്പാട് പൊതുസമൂഹം വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.