കോട്ടയം : ജില്ലയില്‍ ഇടതു മുന്നണി ഒട്ടും പ്രതീക്ഷയര്‍പ്പിക്കാത്ത മണ്ഡലങ്ങളാണ് പുതുപ്പള്ളിയും കോട്ടയവും. രണ്ടിടത്തും ശക്തമായ മത്സരം കാഴ്ചവച്ചെങ്കിലും ഇടതുമുന്നണി വിജയം പ്രതീക്ഷിക്കുന്നില്ല. രണ്ടിടത്തും യുഡിഎഫിന്റെ ഭൂരിപക്ഷം കുറയ്ക്കാനാകുമെന്ന വിലയിരുത്തലുണ്ട്.
പുതുപ്പള്ളിയായ പന്ത്രണ്ടാം അങ്കത്തിനിറങ്ങിയ ഉമ്മന്‍ ചാണ്ടിക്ക് കടുത്ത മത്സരം കാഴ്ചവയ്ക്കാന്‍ സിപിഎമ്മിലെ ജെയ്ക് സി തോമസിനു കഴിഞ്ഞു. മുന്‍ കാലങ്ങളില്‍ നിന്നും വിഭിന്നമായി ആവേശകരമായിരുന്നു മത്സരം. ഉമ്മന്‍ ചാണ്ടിക്ക് കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം നിലനിര്‍ത്താനാകില്ല എന്നു തന്നെയാണ് വിലയിരുത്തല്‍.
തദേശ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ നേട്ടമുണ്ടാക്കിയതിന്റെ ഊര്‍ജത്തിലാണ് സിപിഎം ഇത്തവണ ഇറങ്ങിയത്. അതിന്റെ ഗുണം വോട്ടാകുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നു. ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം 10,000 ലേക്ക് താഴുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.
കോട്ടയത്ത് സിറ്റിങ് എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കടുത്ത വെല്ലുവിളിയാണ് സിപിഎം സ്ഥാനാര്‍ത്ഥിയായ കെ അനില്‍ കുമാര്‍ ഉയര്‍ത്തിയത്. എന്നാല്‍ അതു വിജയത്തിലേക്ക് എത്തുമോയെന്ന കാര്യത്തില്‍ സിപിഎമ്മിന് സംശയമുണ്ട്. എങ്കിലും തിരുവഞ്ചൂരിന്റെ ഭൂരിപക്ഷം നന്നായി കുറയ്ക്കാന്‍ കഴിയും എന്ന ആത്മവിശ്വാസം ഇവര്‍ക്കുണ്ട്.
3000 മുതല്‍ 5000 വരെ ഭൂരിപക്ഷമായി തിരുവഞ്ചൂരിന്റെ വിജയം കുറയ്ക്കാമെന്നും സിപിഎം വിലയിരുത്തുന്നു. അതേസമയം സിപിഎം വിലയിരുത്തലില്‍ കാര്യമില്ലെന്നു തന്നെയാണ് പുതുപ്പള്ളിയുടെയും കോട്ടയത്തിന്റെയും ഫലത്തെക്കുറിച്ച് കോണ്‍ഗ്രസും യുഡിഎഫും പറയുന്നത്. ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞ തവണത്തെക്കാള്‍ ഭൂരിപക്ഷം കിട്ടുമെന്നും അവര്‍ പറയുന്നു.
തിരുവഞ്ചൂരിന്റെയും ആത്മവിശ്വാസത്തിന് കുറവില്ല. അതേസമയം രണ്ടു മണ്ഡലങ്ങളിലെയും ബിജെപി സ്ഥാനാര്‍ത്ഥികളുടെ വോട്ട് അവര്‍ തന്നെ പിടിക്കുമോയെന്ന കാര്യത്തില്‍ സംശയമുണ്ട്. ഇതു ഇടതു സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചാല്‍ പോലും അതു വിജയത്തെ ബാധിക്കില്ലെന്നും യുഡിഎഫ് കണക്കുക്കൂട്ടുന്നു.