ഡൽഹി: സിപിഎം ‘ഭീകരരുടെ പാർട്ടി’ ആണെന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് അവരോട് സഖ്യത്തിൽ ഏർപ്പെടില്ലെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വ്യക്തമാക്കി. ബിജെപിയെ സഹായിക്കുകയാണ് സിപിഎം എന്നും മമത ആരോപിച്ചു. അതേസമയം, കോൺഗ്രസുമായുള്ള സഖ്യം സംബന്ധിച്ച് മമത ബാനർജി മൗനം പാലിച്ചു. സൗത്ത് 24 പർഗാനാസിൽ നടന്ന സർക്കാർ ചടങ്ങിൽ സംസാരിക്കവെയാണ് സിപിഎമ്മിനെ ഭീകരരുടെ പ്രസ്ഥാനം എന്ന് മമത ബാനർജി വിശേഷിപ്പിച്ചത്. 34 വർഷം ജനങ്ങളുടെ മനസ്സുകൊണ്ട് കളിച്ച പാർട്ടിയാണ് സിപിഎം.
ഇന്ന് അവർ ക്യാമറക്ക് മുന്നിൽ ഇരുന്ന് സംസാരിക്കുന്നു. അധികാരത്തിൽ ഇരുന്ന 34 വർഷം ജനങ്ങൾക്കുവേണ്ടി സിപിഎം എന്ത് ചെയ്തുവെന്നും മമത ചോദിച്ചു. ജനങ്ങൾക്ക് എന്ത് അലവൻസാണ് സിപിഎം സർക്കാർ നൽകിയത്? തൃണമൂൽ കോൺഗ്രസ് സർക്കാർ 20,000-ഓളം പേർക്ക് ജോലി നൽകിയെന്നും മമത അവകാശപ്പെട്ടു. ബിജെപിക്കും സിപിഎമ്മിനും എതിരായ പോരാട്ടമാണ് താൻ നടത്തുന്നതെന്നും മമത ബാനർജി വ്യക്തമാക്കി.