ഹരിപ്പാട് : തൃക്കുന്നപ്പുഴ ചീപ്പുപാലംപണി വൈകുന്നതിൽ പ്രതിഷേധിച്ച് സിപിഎം ലോക്കൽകമ്മിറ്റി ജലസേചനവകുപ്പ് മാവേലിക്കര സബ് ഡിവിഷൻ അസി എക്സിക്യുട്ടീവ് എൻജിനിയർ ഓഫീസ് ഉപരോധിച്ചു. 2018-ലാണ് ദേശീയജലപാതയുടെ ഭാഗമായുള്ള തൃക്കുന്നപ്പുഴ ചീപ്പ് പുതുക്കിപ്പണി തുടങ്ങിയത്. അനുബന്ധമായുള്ള പാലം പിന്നീട് പൊളിച്ചു. ജൂണിൽ പണിപൂർത്തിയാക്കുമെന്നാണ് ബന്ധപ്പെട്ടവർ ഉറപ്പുനൽകിയിരുന്നത്. എന്നാൽ ഇപ്പോഴത്തെ രീതിയിൽ പണിനടന്നാൽ ഈ വർഷം പൂർത്തിയാകില്ല. ഈ സാഹചര്യത്തിലാണ് സിപിഎം സമരരംഗത്തിറങ്ങിയതെന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. സുധീഷ് പറഞ്ഞു.
ജലസേചനവകുപ്പ് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ, അസിസ്റ്റന്റ് എൻജിനിയർ എന്നിവരുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ ബുധനാഴ്ച നിർമാണസ്ഥലത്ത് പരിശോധന നടത്താൻ തീരുമാനമായി. പാലംപണി പൂർത്തിയാകാത്തതിനാൽ തൃക്കുന്നപ്പുഴ തീരത്തേക്കുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്. ഇത് കച്ചവടസ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കിയതായും സിപിഎം നേതൃത്വം കുറ്റപ്പെടുത്തുന്നു. കഷ്ടിച്ച് 25 മീറ്റർ വീതിയാണ് ആറിനുള്ളത്. ഇത്രയും ഭാഗത്ത് പാലം പണിയാൻ എട്ടുവർഷം എടുക്കേണ്ടിവരുന്നത് സർക്കാരിനെതിരേ ജനവികാരം ഇളക്കിവിടാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. സിപിഎം ഏരിയ സെക്രട്ടറി സി. പ്രസാദ് ഉദ്ഘാടനം ചെയ്തു.