ഡല്‍ഹി : രാജ്യത്ത് സുരക്ഷയില്ലാത്ത വാഹനങ്ങള്‍ നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന കമ്ബനികള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യം കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത മന്ത്രാലയം സെക്രട്ടറി ഗിരിധര്‍ അരമനെ ആശങ്ക രേഖപ്പെടുത്തിയതായും ഈ രീതി അവസാനിപ്പിക്കാന്‍ വാഹന നിര്‍മ്മാതാക്കളോട് അദ്ദേഹം ആവശ്യപ്പെട്ടതായും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
വാഹന ലൊക്കേഷന്‍ ട്രാക്കിംഗ് ഉപകരണങ്ങള്‍ നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള സെമിനാറില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം രാജ്യത്തെ വാഹന നിര്‍മ്മാതാക്കളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. രാജ്യത്തെ കുറച്ച് കാര്‍ നിര്‍മ്മാതാക്കള്‍ക്ക് മാത്രമേ വാഹന സുരക്ഷാ റേറ്റിംഗ് സംവിധാനം സ്വീകരിക്കാന്‍ കഴിഞ്ഞിട്ടുള്ളൂവെന്നും അതും അവരുടെ ഉയര്‍ന്ന വിലയുള്ള മോഡലുകള്‍ക്ക് മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.
‘ഉയര്‍ന്ന നിലവാരമുള്ള വാഹനങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ വാഹന നിര്‍മ്മാതാക്കള്‍ ശ്രമിക്കാത്തത് മാപ്പില്ലാത്ത കുറ്റമാണ്. സുരക്ഷാ സൗകര്യങ്ങള്‍ നല്‍കുന്ന വാഹന നിര്‍മ്മാതാക്കള്‍ പോലും അവരുടെ ഉയര്‍ന്ന വിലയുള്ള മോഡലുകളില്‍ മാത്രമാണ് ഇത് ഒരുക്കുന്നതെന്നതും അസ്വസ്ഥപ്പെടുത്തുന്നു’ ഗിരിധര്‍ അര്‍മാനെ വ്യക്തമാക്കി .
“യുഎസില്‍, 2018ല്‍ 45 ലക്ഷം റോഡപകടങ്ങളില്‍ 36560 പേരാണ് മരിച്ചത്. ഇതേ കാലയളവില്‍ 4.5 ലക്ഷം റോഡപകടങ്ങളില്‍ 1.5 ലക്ഷം ഇന്ത്യക്കാര്‍ക്ക് ജീവന്‍ നഷ്ടമായി. ഇന്ത്യയെ അപേക്ഷിച്ച് പത്തിരട്ടി റോഡപകടങ്ങള്‍ കൂടുതല്‍ നടന്നത് യുഎസിലാണ് . എന്നാല്‍ അമേരിക്കയുടെ അഞ്ചിരട്ടി മരണങ്ങളാണ് ഇന്ത്യയിലുണ്ടായത്..” ഇവിടുത്തെ റോഡുകളെ അപേക്ഷിച്ച് ഉയര്‍ന്ന വേഗതയുള്ള അമേരിക്കന്‍ റോഡുകളില്‍ മരണസംഖ്യ കുറച്ചത് വാഹനങ്ങളിലെ സുരക്ഷാ സംവിധാനങ്ങളാണെന്നും അര്‍മാനെ ഓര്‍മ്മിപ്പിച്ചു.