റാന്നി : സമഗ്ര ശിക്ഷാ കേരള കൊച്ചി ശാസ്ത്ര സാങ്കേതിക യൂണിവേഴ്സിറ്റിയുടെ സഹായത്തോടെ അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്കായി നടപ്പാക്കുന്ന സംയോജിത തൊഴിൽ പരീക്ഷണശാല ‘ക്രിയേറ്റീവ് കോർണർ’ഏകദിന ക്യാമ്പ് നടത്തി. റാന്നി ബി.ആർ.സിയുടെ നേതൃത്വത്തിൽ ഇടമുറി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ പ്രവർത്തനം ആരംഭിച്ച ക്രിയേറ്റീവ് കോര്‍ണര്‍ ഏകദിന ക്യാമ്പിനാണ് തുടക്കമായത്. വിവിധ തൊഴിൽ ബന്ധിത പ്രവർത്തനങ്ങളിലൂടെ പാഠപുസ്തകങ്ങളിലെ ആശയങ്ങളെ രസകരവും ക്രിയാത്മകവുമായി കുട്ടികൾക്ക് അനുഭവവേദ്യമാക്കുക, കുട്ടികൾക്ക് വിവിധ തൊഴിൽ മേഖലകളിലെ തൊഴിലുപകരണങ്ങളെ പരിചയപ്പെടുത്തുക, കുട്ടികളിൽ തൊഴിൽ നൈപുണ്യകളും ജീവിത നൈപുണികളും വളർത്തുക,
തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പ്രവർത്തനങ്ങളെ കൂടുതൽ അർത്ഥപൂർണ്ണമാക്കുക എന്നിവയാണ് ക്രിയേറ്റീവ് കോർണർ – വർക്ക് ഇൻ്റഗ്രേറ്റഡ് ലാബ് കൊണ്ട് പ്രധാനമായും ലക്ഷ്യം ഇടുന്നത്. കാർഷിക പ്രവർത്തനങ്ങൾ, ഇലക്ട്രോണിക്സ്, പ്ലംബിംഗ്, വയറിങ്, കുക്കിംഗ് ,ഫാഷൻ ടെക്നോളജി, വുഡ് വർക്ക്, കോമൺ ടൂൾസ് എന്നിവയിൽ കുട്ടികൾക്ക് പ്രായോഗിക പരിശീലനം നൽകുകയാണ് ലക്ഷ്യം. നാറാണംമൂഴി ഗ്രാമ പഞ്ചായത്തംഗം സാംജി ഇടമുറി ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയര്‍മാന്‍ എം.വി പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. ബി.ആര്‍.സി കോര്‍ഡിനേറ്റര്‍ എസ് ദീപ്തി പദ്ധതി വിശദീകരണം നടത്തി. ക്യാമ്പ് ഡയറക്ടര്‍ സി.ജി ഉമേഷ്,
സീനിയര്‍ അസി. കെ.കെ ശശീന്ദ്രന്‍, അധ്യാപകരായ എസ് ചിഞ്ചു, പി സിനി, സ്വയംപ്രഭ എന്നിവര്‍ പ്രസംഗിച്ചു.