തിരുവല്ല : തിരുവല്ല പൊടിയാടിയില്‍ കാണപ്പെട്ട പുലിയോട് സാദൃശ്യമുള്ള ജീവി പൂച്ചപ്പുലിയാണെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്. മണിപ്പുഴ – പഞ്ചമി റോഡിൽ വ്യാഴാഴ്ച പുലർച്ചെ ആറിനാണ് സമീപവാസിയായ സംഗീത വളർത്തുനായയുടെ നിറുത്താതെയുള്ള കുരയെത്തുടർന്ന് റോഡിലേക്ക് നോക്കിയപ്പോൾ പുലിക്ക് സമാനമായ വന്യജീവിയെ കണ്ടത്. ഗേറ്റ് തുറന്ന് നടന്നെത്തുന്ന സംഗീതയെ കണ്ട് ജീവി സമീപത്തെ പുരയിടത്തിൽ ഒളിച്ചു. വീട്ടിലേക്ക് മടങ്ങവേ തിരിഞ്ഞു നോക്കുമ്പോൾ റോഡുമുറിച്ചു കടന്ന ജീവി സമീപത്തെ ആളൊഴിഞ്ഞ മറ്റൊരു പുരയിടത്തിലേക്ക് പോകുന്നതായി കണ്ടു. തുടർന്ന് മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. ഈ ദൃശ്യം സാമൂഹമാദ്ധ്യമങ്ങളിൽ അടക്കം പ്രചരിച്ചതോടെയാണ് പുലി ഇറങ്ങി എന്ന വാർത്ത നാടാകെ പരന്നത്.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ വാർഡ് മെമ്പർ എൻ.എസ്.ഗിരീഷ് കുമാർ വനം വകുപ്പിനെ വിവരമറിയിച്ചു. തുടർന്ന് റാന്നി ആർ.എഫ്.ഒ ബി.ആർ ജയൻ, ഡപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ റോബിൻ മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വൈകിട്ട് നാലുമണിയോടെ സ്ഥലത്ത് എത്തി. മൊബൈലിൽ പകർത്തിയ ദൃശ്യവും ദൃക്സാക്ഷി അടക്കമുള്ളവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെയും അടിസ്ഥാനത്തിൽ കാണപ്പെട്ടത് പൂച്ചപ്പുലിയാണെന്ന് സ്ഥിരീകരിച്ചു. ഒരാഴ്ച മുമ്പ് പുളിക്കീഴിലെ ഒരു വീട്ടിൽ നിന്ന് ഈ ഇനത്തിൽപ്പെട്ട കാട്ടുപൂച്ചയെ പിടികൂടിയിരുന്നു.