ലക്നോ: അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്ന യുവതാരം തന്മയ് ശ്രീവാസ്തവ ക്രിക്കറ്റിൽ നിന്നും വിരമിച്ചു. രഞ്ജിയിൽ ഉത്തർപ്രദേശിനായി കളിച്ചിരുന്ന ശ്രീവാസ്തവ 30-ാം വയസിൽ അപ്രതീക്ഷിതമായാണ് കളി നിർത്തുന്നതായി പ്രഖ്യാപിച്ചത്.
90 ആഭ്യന്തര മത്സരങ്ങളിൽ കളിച്ച താരം 4,918 റണ്‍സ് നേടി. വിവിധ പ്രായപരിധിയിലുള്ള യുപി ടീമുകളുടെ നായകന്റെ റോളും ശ്രീവാസ്തവ വഹിച്ചിട്ടുണ്ട്. 2008-ൽ വിരാട് കോഹ്ലിയുടെ നായകത്വത്തിൽ ഇന്ത്യ അണ്ടർ 19 ലോകകപ്പ് നേടിയപ്പോൾ ടീമിൽ അംഗമായിരുന്നു. ടൂർണമെന്റിൽ 262 റണ്‍സുമായി റണ്‍വേട്ടക്കാരിൽ ഒന്നാമനും ശ്രീവാസ്തവ തന്നെയായിരുന്നു.
രവീന്ദ്ര ജഡേജ, മനീഷ് പാണ്ഡെ, അഭിനവ് മുകുന്ദ്, സൗരവ് തിവാരി തുടങ്ങിയവർ അണിനിരന്ന ടീമിൽ ശ്രീവാസ്തവയുടെ പ്രകടനം മികച്ചു നിന്നു. കൗമാരകാലത്ത് തിളങ്ങിയ താരത്തിന് പക്ഷേ, പിന്നീട് കരിയറിൽ കാര്യമായ ഉയർച്ചയുണ്ടായില്ല. ഐപിഎല്ലിൽ ഡെക്കാൻ ചാർജേഴ്സിനായി 2008-09 സീസണുകളിൽ ഏഴ് മത്സരങ്ങളിൽ കളിച്ചെങ്കിലും തിളങ്ങാനായില്ല. കരിയറിൽ ഇനിയൊരു ഉയർച്ചയുണ്ടാകില്ലെന്ന് തിരിച്ചറിഞ്ഞ് യുവതാരങ്ങൾക്ക് അവസരം നല്കാൻ വിരമിക്കുകയാണെന്ന് താരം പ്രതികരിച്ചു.