മലപ്പുറം: തിരൂർ ഡെപ്യൂട്ടി തഹസിൽദാറുടെ തിരോധാനത്തിന് കാരണം ബ്ലാക്‌മെയ്‌ലിങെന്ന് പോലീസ്. സംഭവത്തിൽ തിരൂർ പോലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. രണ്ടത്താണി സ്വദേശികളായ ഷഫീഖ് (35),ഫൈസൽ (43) വെട്ടിച്ചിറ സ്വദേശി അജ്മൽ (37) എന്നിവരാണ് പിടിയിലായത്. ഡെപ്യൂട്ടി തഹസിൽദാറെ ഭീഷണിപ്പടുത്തി പത്ത് ലക്ഷം രൂപ പ്രതികൾ തട്ടി എടുത്തിരുന്നു. പോക്സോ കേസിൽ പെടുത്തി കുടുംബം നശിപ്പിക്കും എന്നായിരുന്നു ഭീഷണി. ഇതേ തുടർന്നാണ് തഹസിൽദാർ വീടുവിട്ട് പോയത്.
തിരൂർ മാങ്ങാട്ടിരി സ്വദേശി ചാലിബ് പി.ബിയെയാണ് ബുധനാഴ്ച്ച വൈകിട്ട് മുതൽ കാണാതായത്. വൈകിട്ട് ഓഫീസിൽ നിന്നും ഇറങ്ങിയ ശേഷം വൈകുമെന്ന വിവരം വീട്ടുകാർക്ക് നിൽകിയിരുന്നു. എറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്നാണ് വീട്ടുകാർ തിരൂർ പോലീസിൽ പരാതി നൽകിയത്. മൊബെൽ ടവർ ലൊക്കേഷൻ ആദ്യം കോഴിക്കോടും പിന്നീട് കർണാടകയിലെ ഉടുപ്പിയിലുമാണ് കാണിച്ചത്. പോലീസ് അന്വേഷണം തുടരുന്നതിനിടെ ഇന്നലെ രാത്രി 11 മണിയോടെയാണ് തിരിച്ചെത്തിയത്. മാനസിക പ്രയാസം മൂലമാണ് നാടു വിട്ടതെന്നാണ് ഡെപ്യുട്ടി തഹസിൽദാർ പറഞ്ഞത്. പിന്നാലെയാണ് സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.