കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിചേർക്കപ്പെട്ട കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ഈ മാസം 23 ന് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് നോട്ടിസ്. ഇന്ന് വരാൻ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് നിർദേശം. പരാതിക്കാർ നാളെ അന്വേഷണ സംഘത്തിന് കൂടുതൽ തെളിവുകൾ കൈമാറും. മുൻ നിശ്ചയിച്ച പാർട്ടി പരിപാടികൾ ഉൾപ്പെടെ ഉള്ളതിനാൽ ഇന്ന് ഹാജരാകാനാകില്ലെന്നു അഭിഭാഷകൻ മുഖേന സുധാകരൻ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചത് പരിഗണിച്ചാണ് പുതിയ തിയതി നല്‍കിയത്. അതേസമയം, സുധാകരനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് അന്വേഷണ സംഘം ആവർത്തിക്കുന്നു.
മോൻസന്റെ മൊബൈൽ, ലാപ്ടോപ് തുടങ്ങിയ ഉപകരണങ്ങളിൽ നിന്നാണ് നിർണായക തെളിവുകൾ ശേഖരിച്ചത്. 2018 നവംബർ 22നാണ് അനൂപ് കെ. സുധാകരന്റെ സാന്നിധ്യത്തിൽ 25 ലക്ഷം രൂപ മോൻസൻ മാവുങ്കലിന് കൈമാറിയത്. 25 ലക്ഷം രൂപയും സുധാകരന് നൽകാനായിരുന്നുവെന്നും ഇതിൽ 15 ലക്ഷം മോൻസൻ കൈവശപ്പെടുത്തിയെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. സുധാകരന്റെ വാദങ്ങൾ പൊളിക്കുന്ന ഈ കൂടികാഴ്ചയുടെ ചിത്രങ്ങൾ അടക്കം അന്വേഷണ സംഘം വീണ്ടെടുത്തു.
സുധാകരനെ ചോദ്യം ചെയ്ത ശേഷം ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്താൽ മതിയെന്നാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം. പണമിടപാടുമായി ബന്ധപ്പെട്ട പരാതികാർ പുറത്തുവിട്ട രേഖകൾ വ്യാജമാണെന്ന ആരോപണവുമായി മോൻസന്റെ അഭിഭാഷകൻ രംഗത്തെത്തി. ഇഡി അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് മോൻസന്റെ നീക്കം. മോൻസൺ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മോൻസന്റെ ജീവനക്കാരുടെ മൊഴി ഇഡി രേഖപെടുത്തി.