തിരുവനന്തപുരം : ഇഡിക്കെതിരായ കേസില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്യുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് ചോദ്യം ചെയ്യല്‍. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് രണ്ട് കേസുകളാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സന്ദീപ് നായരെ ചോദ്യം ചെയ്യുന്നതിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചിരുന്നു. സന്ദീപിനെ ഏഴ് ദിവസം ചോദ്യം ചെയ്യാന്‍ അനുമതി നല്‍കണമെന്നാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ രണ്ട് ദിവസം ചോദ്യം ചെയ്യാനാണ് കോടതി അനുവദിച്ചിരിക്കുന്നത്.
സന്ദീപ് നായരുടെ പരാതിയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇഡി സമ്മര്‍ദം ചെലുത്തിയെന്നായിരുന്നു സന്ദീപിന്റെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി സുനില്‍ എന്ന അഭിഭാഷകന്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.