കൊച്ചി : ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് ശേഷമായിരുന്നു കൊച്ചിയില്‍ നടിയെ ആക്രമിക്കപ്പെട്ട കേസിലെ ‘വിഐപി’ ദിലീപിന്റെ സുഹൃത്താണെന്ന് പോലീസ് കണ്ടെത്തിയത്. കൊച്ചിയില്‍ നടിയെ ആക്രമിച്ച് പള്‍സര്‍ സുനിയും സംഘവും മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപ് കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തിച്ചത് ഒരു ‘വിഐപി’ യാണെന്നാായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ ശരത് ജി നായരാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത്. പോലീസ് തന്റെ പുറകില്‍ ഉണ്ടെന്ന് അറിഞ്ഞതോടെ ഇദ്ദേഹം ഒളിവില്‍ പോവുകയും ചെയ്തു. സംസ്ഥാനം വിട്ടെന്നാണ് പോലീസ് വിലയിരുത്തുന്നത്. ഇതോടൊപ്പം തന്നെ ബാലചന്ദ്ര കുമാര്‍ കൈമാറിയ ശബ്ദ സാമ്പിളില്‍ പരാമര്‍ശിക്കുന്ന സ്ത്രീയെ കണ്ടെത്താനും ക്രൈം ബ്രാഞ്ച് ശ്രമം ആരംഭിച്ചിട്ടുണ്ട്.
നടി അക്രമിക്കപ്പെട്ട കേസില്‍ യഥാര്‍ത്ഥത്തില്‍ ശിക്ഷിക്കപ്പെടേണ്ടത് ഈ സ്ത്രീയാണെന്ന്, അതൊഴിവാക്കാന്‍ വേണ്ടിയാണ് നമ്മള്‍ ശ്രമിച്ചത്. അതുകൊണ്ടാണ് താന്‍ ശിക്ഷിക്കപ്പെട്ടതെന്നും ദിലീപ് പറയുന്നുവെന്ന് അവകാശപ്പെടുന്ന ഓഡിയോ ക്ലിപ്പായിരുന്നു ബാലചന്ദ്ര കുമാര്‍ പോലീസിന് കൈമാറിയത്. ഇതിന്റെ ആധികാരികത പോലീസ് പരിശോധിക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ സ്ത്രീയെ കണ്ടെത്താനുള്ള ശ്രമവും അന്വേഷണം സംഘം ശക്തമാക്കിയത്. മാഡത്തിന് ദിലീപിന്റെ ഭാര്യ കാവ്യ മാധവനുമായി ഏതെങ്കിലും തരത്തിലും ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ടാബില്‍ റെക്കോര്‍ഡ് ചെയ്ത സംഭാഷണത്തിലുള്ള സ്ത്രീ ആരാണെന്ന് കണ്ടെത്തിയാല്‍ കേസില്‍ പുതിയ വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതേ മാഡത്തെക്കുറിച്ച് പള്‍സര്‍ സുനിയും പരാമര്‍ശം നടത്തിയിരുന്നു. മാഡം സിനിമാ മേഖലയില്‍ നിന്ന് തന്നേയുള്ള വ്യക്തിയാണെന്നായിരുന്നു പള്‍സര്‍ സുനി അഭിപ്രായപ്പെട്ടത്. എന്നാല്‍ കേസുമായി മാഡത്തിന് വലിയ പങ്കൊന്നുമില്ലെന്നും പള്‍സര്‍ സുനി പിന്നീട് തിരുത്തുകയും ചെയ്തതാണ് അന്വേഷണ സംഘത്തെ കുഴക്കിയത്.