ബംഗ്ലൂരു : അപകട മരണമെന്ന് വരുത്തി തീര്‍ത്ത് ഭര്‍ത്താവിനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ ഭാര്യയും കാമുകനും കര്‍ണാടകയില്‍ അറസ്റ്റില്‍. രഹസ്യബന്ധത്തെക്കുറിച്ച് ഭര്‍ത്താവ് അറിഞ്ഞതിന്‍റെ വൈരാഗ്യത്തിലായിരുന്നു കൊലപാതകം. അപകട മരണത്തില്‍ സംശയം തോന്നി പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്.
ബാഗല്‍കോട്ട് സ്വദേശി പ്രവീണിനെ ജൂലൈ രണ്ടിനാണ് ബൈക്ക് ഇടിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ബൈക്കില്‍ വീട്ടില്‍ നിന്ന് ഓഫീസിലേക്ക് പോവുകയായിരുന്ന പ്രവീണിനെ കാർ ഇടിക്കുകയായിരുന്നു. അപകട മരണമെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ ഭാര്യ നിത്യ അപകട മരണവിവരം പോലീസെത്തി സ്ഥിരീകരിക്കും മുമ്പേ ബന്ധുക്കളെ വിളിച്ച് അറിയിച്ചതാണ് സംശയത്തിന് ഇടയാക്കിയത്.
സ്ഥലം പരിശോധന പോലീസ് ഇതൊരു സാധാരണ അപകടമല്ലെന്ന് ഉറപ്പിച്ചു. വനമേഖലയോട് ചേര്‍ന്നുള്ള ഒറ്റപ്പെട്ട പ്രദേശത്ത് വെച്ചാണ് അപകടം നടന്നത്. വനംവകുപ്പ് സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ആസൂത്രിത അപകടമാണ് നടന്നതെന്നും വ്യക്തമായി. ബൈക്ക് വരുന്നതിന് വേണ്ടി വെളുത്ത സ്വിഫ്റ്റ് കാര്‍ കാത്തുകിടക്കുന്നതും ബൈക്കിനെ പിന്തുടര്‍ന്ന് പുറകില്‍ നിന്ന് ഇടിച്ചുവീഴ്ത്തുന്നതും സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞു. കാറിന്‍റെ നമ്പര്‍ പരിശോധിച്ചെങ്കിലും വ്യാജമായിരുന്നു.
സംശയത്തെ തുടർന്ന് നിത്യയെ ചോദ്യം ചെയ്തതോടെ പരസ്പര വിരുദ്ധമായ മറുപടികളാണ് ലഭിച്ചത്. ഇതോടെ പോലീസിന്റെ സംശയം ബലപ്പെട്ടു. നീണ്ട ചോദ്യം ചെയ്യലില്‍ കാമുകന്‍ രാഘവേന്ദ്രയുമായി ചേര്‍ന്ന് നടത്തിയ കൊലപാതകമാണെന്ന് നിത്യ കുറ്റസമ്മതം നടത്തി. ഇരുവരും തമ്മില്‍ രണ്ട് വര്‍ഷമായി അടുപ്പത്തിലായിരുന്നു. പ്രവീണ്‍ കൊല്ലപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പ് ഇരുവരുടെയും ബന്ധത്തെക്കുറിച്ച് മനസിലാക്കിയിരുന്നു. നിത്യയുടെ വീട്ടുകാരെ ഈ വിവരം അറിയിക്കുമെന്ന് പ്രവീണ്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രവീണിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. പ്രവീണ്‍ നിത്യ ദമ്പതികള്‍ക്ക് രണ്ട് വയസ്സുള്ള മകളുണ്ട്.