ഈരാറ്റുപേട്ട : ഈരാറ്റുപേട്ട മുനിസിപ്പൽ ഓഫീസിൽ കയറി അതിക്രമം കാട്ടിയ കേസിൽ മൂന്നുപേരെ പൊലീസ് പിടികൂടി. നടയ്ക്കൽ ഈലക്കയം മറ്റക്കൊമ്പനാൽ വീട്ടിൽ നജീബ് പി.എ (56), മകൻ അൻസാർ നജീബ് (31), അരുവിത്തുറ ആനിപ്പടി കൊല്ലംപറമ്പിൽ വീട്ടിൽ സക്കീർ കെ.എം (47) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ കഴിഞ്ഞദിവസം ഈരാറ്റുപേട്ട മുനിസിപ്പൽ ഓഫീസിൽ കയറി സീനിയർ ക്ലർക്കിനെ ദേഹോപദ്രവം ഏൽപ്പിക്കുകയായിരുന്നു. ഇതിന് ശേഷം ഓഫീസിൽ ചെളിവെള്ളം ഒഴിക്കുകയും ചെയ്തു. ഈരാറ്റുപേട്ട പോലീസ് സംഭവസ്ഥലത്തെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. നജീബിന് ഈരാറ്റുപേട്ട സ്റ്റേഷനിൽ രണ്ട് കേസുകളും അൻസാറിന് ആലപ്പുഴ സൗത്ത് സ്റ്റേഷനിൽ ഒരു കേസുമുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.