ആലപ്പുഴ: പൂച്ചാക്കലിൽ ലഹരി വസ്തുക്കളുമായി ക്രിമിനൽ കേസ് പ്രതികള്‍ പിടിയില്‍. തൈക്കാട്ടുശ്ശേരി കണ്ണാംപറമ്പിൽ പ്രവീൺ (24), അരൂക്കുറ്റി കൈപ്പാറച്ചിറ ജ്യോതിഷ് (26) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പൂച്ചാക്കൽ പോലീസും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയിൽ പിടികൂടിയത്. ഇവരിൽ നിന്നും 1200 ഗ്രാം കഞ്ചാവ് കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ലഹരി ഉപയോഗവും വിൽപനയും തടയുന്നതിന് സംസ്ഥാന വ്യാപകമായി പോലീസ് നടത്തിവരുന്ന ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി പ്രധാനപ്പെട്ട പ്രദേശങ്ങളിലെ റോഡുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
വടുതല – കുടപുറം റോഡിൽ മസ്ജിദ് റഹ്മാനിയ പള്ളിക്ക് സമീപം വെച്ച് ബൈക്കിൽ എത്തിയ ഇവരെ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. നർക്കോട്ടിക് സെൽ ഡിവൈഎസ്‌പി പങ്കജാക്ഷൻ ബി യുടെ നേതൃത്ത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർത്തല എഎസ്‌പി നേതൃത്ത്വത്തിൽ പൂച്ചാക്കൽ സബ് ഇൻസ്പെക്ടർ സണ്ണി, സുനിൽ രാജൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ കലേഷ്, ജോബി, മനു എന്നിവരാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ഓണനാളിൽ യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായി പിന്നീട് ജാമ്യത്തിലായിരുന്നു ഇവർ. ലഹരി വിരുദ്ധ സ്ക്വാഡ് മാസങ്ങളായി ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു.