പന്തളം: ഇന്ത്യയിൽനിന്ന് മാമ്പഴം കയറ്റുമതി ചെയ്യുന്നതിൽ പ്രതിസന്ധിയുണ്ടായത് പരിഹരിക്കാൻ ചക്കക്കൂട്ടത്തിന്റെ നേതൃത്വത്തിൽ തമിഴ്‌നാട്ടിൽ നിന്ന് ഇവ കേരളത്തിലെത്തിച്ച് വിപണനം തുടങ്ങി. സേലത്തുനിന്നുള്ള ആദ്യ ലോഡ് മാമ്പഴം കൊച്ചിയിലെത്തിച്ചാണ് വിപണനം തുടങ്ങിയത്. സേലത്തുള്ള നൂറേക്കർ തോട്ടത്തിൽ ജൈവകൃഷിയിൽ വിളയിച്ച അഞ്ച് ഇനത്തിലുള്ള മാമ്പഴമാണ് ആദ്യലോഡിൽ എത്തിയത്. എറണാകുളത്ത് ഇത് വിൽക്കാനാണ് ചക്കക്കൂട്ടം ലക്ഷ്യമിടുന്നത്. ഇന്ത്യയിൽനിന്ന് യുഎസിലേക്ക് കയറ്റുമതി ചെയ്ത 15 ഷിപ്പ്മെന്റ് മാമ്പഴം യുഎസ് അധികൃതർ, രേഖകളിലെ ക്രമക്കേടുകളെത്തുടർന്ന് നിരസിച്ചിരുന്നു.
ഇതോടെ മാമ്പഴം കയറ്റുമതി ചെയ്യാനാകാതെ വിഷമിക്കുന്ന കർഷകർക്ക് സഹായവുമായാണ് ചക്കക്കൂട്ടം എന്ന സന്നദ്ധസംഘടന രംഗത്തെത്തിയത്. സേലത്തുനിന്ന് വെള്ളിയാഴ്ച എറണാകുളത്തേക്കും പാലക്കാട്ടേക്കുമാണ് രണ്ടര ടൺ വീതം മാമ്പഴം എത്തിച്ചത്.മൽഗോവ, കോശേരി, ഇമാംപസന്ദ്, നീലം, ചക്കരക്കുട്ടി ഇനങ്ങളിലുള്ളവയാണ് ആദ്യലോഡിൽ എത്തിയത്. വലുപ്പമുള്ളതും നല്ല മധുരമുള്ളതുമായ തേങ്ങാ മാങ്ങ ഇനത്തിലുള്ളവ അടുത്ത ലോഡിൽ എത്തും. ഒരു മാമ്പഴംപോലും നഷ്ടമാകാതെ വിറ്റഴിക്കുകയോ, മൂല്യവർധിത ഉത്പന്നമാക്കി മാറ്റുകയോ ചെയ്യുകയെന്നതാണ് ചക്കക്കൂട്ടത്തിന്റെ ലക്ഷ്യമെന്ന് കോഡിനേറ്റർ അനിൽ ജോസ് പറഞ്ഞു. മാമ്പഴം വിൽപ്പനയ്ക്കായി പ്രത്യേകം വാട്‌സാപ്പ് ഗ്രൂപ്പും ഉണ്ട്. ആദ്യഘട്ടം വിജയമായാൽ കേരളത്തിലെ മറ്റ് ജില്ലകളിലേക്കും വിപണനം വ്യാപിപ്പിക്കും.
സൂപ്പർമാർക്കറ്റുകളിലൂടെയും ഇക്കോ ഷോപ്പുകളിലൂടെയും വിപണനസാധ്യതയൊരുക്കുകയാണ് ചെയ്യുന്നത്. ഒരാഴ്ച അഞ്ച് ടൺ എന്ന കണക്കിൽ മാമ്പഴം തമിഴ്‌നാട്ടിൽനിന്ന് എത്തിക്കാനാണ് തീരുമാനം. അമേരിക്ക മാമ്പഴം നിരസിച്ചതോടെ കയറ്റുമതിക്കാർക്ക് ഏകദേശം 4.28 കോടി രൂപ നഷ്ടമുണ്ടായതായാണ് കണക്കുകൾ. ഇത്തരം പ്രതിസന്ധി തമിഴ്‌നാട്ടിൽ മാങ്ങ വിളവെടുക്കുന്ന ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ ആവർത്തിക്കാതിരിക്കാൻ ചക്കക്കൂട്ടത്തിന്റെ ശ്രമം സഹായകമാകുമെന്ന് തമിഴ്‌നാട്ടിലെ തോട്ടം ഉടമകൾ പറയുന്നു.