ചെങ്ങന്നൂർ : സർക്കാരിന്റെ വിള ഇൻഷുറൻസ് പദ്ധതിയോട് മുഖംതിരിഞ്ഞുനിൽക്കുന്ന കർഷകരെ പദ്ധതിയിൽ അംഗങ്ങളാക്കാൻ കൃഷിഭവനുകളിലൂടെ വിപുലമായ പ്രചാരണംനടത്തും. നെല്ല്, വാഴ, പച്ചക്കറിക്കർഷകരെ ഉദ്ദേശിച്ചാണ് പ്രചാരണപരിപാടികൾ നടത്തുന്നത്. പ്രധാനമായും പച്ചക്കറിക്കർഷകരാണ് പദ്ധതിയിൽനിന്ന് വിട്ടുനിൽക്കുന്നതെന്ന് കൃഷിവകുപ്പ് അധികൃതർ പറഞ്ഞു. ചെങ്ങന്നൂർ മേഖലയിൽ നെല്ല്, വാഴ കർഷകരിൽ 30 മുതൽ 40വരെ ശതമാനം പേർ ഇൻഷുറൻസിനു വെളിയിലാണ്. കാലാനുസൃതമായി ഇൻഷുറൻസ് പദ്ധതി പരിഷ്കരിക്കാത്തതും ആനുകൂല്യങ്ങൾ യഥാസമയം ലഭിക്കാത്തതും മൂലമാണ് പദ്ധതിയിൽ ചേരാത്തതെന്ന് കർഷകർ പറയുന്നു.
പ്രകൃതിദുരന്തത്തിലും കാലാവസ്ഥാവ്യതിയാനംമൂലവും നശിക്കുന്ന വിളകൾക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത്. നെൽക്കൃഷിക്കാണെങ്കിൽ ഒരു സെന്റിന് ഒരു രൂപ മാത്രമാണ് പ്രീമിയം. അതേസമയം പാടശേഖരം മുഴുവനായി നശിച്ചാൽ മാത്രമാണ് നെൽക്കർഷകർക്ക് ആനുകൂല്യം ലഭിക്കുന്നത്. ഭാഗികമായോ അതിൽക്കൂടുതലോ നശിച്ചാൽ ആനുകൂല്യം കിട്ടില്ല. പ്രകൃതിക്ഷോഭമല്ലാത്ത ജലസേചനത്തിലെ പിഴവുമൂലം കൃഷി നശിച്ചാലും കർഷകർക്ക് ആനുകൂല്യം ലഭിക്കുന്നില്ല. ഈ സാഹചര്യത്തിൽ ഭാഗിക കൃഷിനാശം സംഭവിച്ചാലും പരിരക്ഷ ലഭിക്കുന്നതരത്തിൽ പദ്ധതി പരിഷ്കരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
പലപ്പോഴും ഭാഗിക കൃഷിനാശം മുഴുവൻ കൃഷിനാശമാണെന്ന് സൂചിപ്പിച്ച് കൃഷി ഓഫീസർമാർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പലർക്കും സഹായം ലഭിക്കുന്നത്. കാലാവസ്ഥ മൂലമല്ലാതെ മറ്റു കാരണങ്ങളാൽ കൃഷിനാശമുണ്ടായാൽ ഉദ്യോഗസ്ഥർക്കും ഒന്നും ചെയ്യാൻ കഴിയില്ല. ആനുകൂല്യങ്ങൾ ലഭിക്കാനെടുക്കുന്ന കാലതാമസവും കർഷകരെ പിന്നോട്ടടിക്കുന്നു. നേന്ത്രവാഴക്കർഷകരാണ് കൂടുതലായും പദ്ധതിയിൽ അംഗങ്ങളാകുന്നതെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കുലച്ചതും കുലയ്ക്കാത്തതുമായ വാഴകൾക്ക് പ്രത്യേകം ഇൻഷുറൻസുണ്ട്. പ്രകൃതിക്ഷോഭത്തിൽ വീണ് എളുപ്പം നാശം സംഭവിക്കുമെന്നതിനാലാണ് വാഴക്കർഷകർ കൂടുതലായി ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നത്. വിള ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നത് പൂർണമായി ഓൺലൈനാക്കിയതും അക്ഷയകേന്ദ്രങ്ങളിലെ തിരക്കും കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കൃഷിപ്പണിക്കിടയിൽ അക്ഷയകേന്ദ്രങ്ങളിൽ ഒന്നുരണ്ടുതവണ പോയി നടക്കാതെവരുമ്പോൾ വീണ്ടും പോകാൻ മടിക്കും. ഇക്കാരണത്തലാണ് പദ്ധതിയിൽ ചേരാതെയിരിക്കുന്നതെന്ന് വെൺമണിയിലെ പച്ചക്കറിക്കർഷകർ പറയുന്നു.