കലഞ്ഞൂർ : ഓരോ വർഷവും വിവിധ പേരുകളിലായി വിവിധ വകുപ്പുകൾ കലഞ്ഞൂർ ഗ്രാമപ്പഞ്ചായത്തിലെ വെട്ടുവിള ചിറയിലേക്ക് വികസനത്തിന്റെ പേരിൽ ലക്ഷങ്ങളാണ് ഒഴുക്കുന്നത്. നീന്തൽ പരിശീലനം ഉൾപ്പെടെ നടത്താൻ സാധിക്കുന്ന ജില്ലയിലെതന്നെ ഏറ്റവും മികച്ച ചിറയാണ് കലഞ്ഞൂർ ഗ്രാമപ്പഞ്ചായത്തിൽ കൊട്ടന്തറയിലുള്ള ഈ ചിറ. അരികുകളെല്ലാം സംരക്ഷിച്ച് സംരക്ഷണഭിത്തിയും അതിന് മുകളിലായി ഇരുമ്പുവേലിയും ഇട്ടിട്ടുണ്ട്. ഇത്രയും സംവിധാനങ്ങൾ ഒരുക്കിയെങ്കിലും ചിറയ്ക്കുള്ളിലേക്ക് വലിച്ചെറിയപ്പെടുന്ന മാലിന്യം വളരെയേറെയാണ്.
കഴിഞ്ഞ കുറെ വർഷങ്ങളായി ലക്ഷക്കണക്കിന് രൂപയാണ് വെട്ടുവിള ചിറയുടെ വികസനത്തിനായി വിനിയോഗിച്ചിട്ടുള്ളത്. സംസ്ഥാന കായിക വകുപ്പിന്റെ ജിം ഉൾപ്പെടെ സ്ഥാപിച്ചിട്ടുള്ള കലഞ്ഞൂരിൽ വെട്ടുവിള ചിറ കേന്ദ്രീകരിച്ച് നീന്തൽ പരിശീലനം ആരംഭിച്ചാൽ കായികമേഖലയ്ക്ക് വലിയ ഉണർവാകും. ഇതിനൊപ്പം വെള്ളം ശുദ്ധീകരിച്ച് ഗ്രാമപ്പഞ്ചായത്ത് നേതൃത്വത്തിൽ ചെറുകിട ശുദ്ധജല പദ്ധതി ആരംഭിച്ചാൽ ഗ്രാമപ്പഞ്ചായത്തിലെ വരൾച്ചാ പ്രദേശങ്ങളിലേക്ക് ഇവിടെനിന്ന് ജലം എത്തിച്ചുനൽകാനും കഴിയും. കടുത്ത വരൾച്ചക്കാലത്തുപോലും ജലസമൃദ്ധമായ ചിറയാണിവിടം.