കൊല്ലം : റെയിൽവേയുടെ സിഗ്നൽ കേബിളുകൾ ദുരൂഹ സാഹചര്യത്തിൽ മുറിച്ചു മാറ്റിയ നിലയിൽ കണ്ടെത്തി. അട്ടിമറി സാധ്യതയെന്ന സൂചനയെത്തുടർന്ന് റെയിൽവേ സുരക്ഷാ സേനയും റെയിൽവേ പോലീസും അന്വേഷണം ശക്തമാക്കി. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് കൊല്ലം റെയിൽവേ സ്റ്റേഷനു സമീപം ചിന്നക്കട റെയിൽവേ മേൽപാലത്തിനു താഴെയുള്ള റെയിൽവേയുടെ റിലേ റൂമിൽ കടന്നു കേബിളുകൾ മുറിച്ചത്.
ഇതോടെ സിഗ്നൽ പൂർണമായും തകരാറിലായി. സിഗ്നൽ നിലച്ചതോടെ ട്രെയിൻ ഗതാഗതം പൂർണമായും സ്തംഭിച്ചു. റിലേ റൂമിന്റെ പൂട്ട് തകർത്ത് ഉള്ളിൽ കടന്നവരാണ് പ്രധാന സിഗ്നൽ വരുന്ന ‘ട്രാക്ക് സിഗ്നൽ’ കേബിളുകൾ മുറിച്ചത്. ഇതിനായി ഉപയോഗിച്ച വാൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ ഈ റൂമിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്.
മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിൽ പുലർച്ചെയാണ് സിഗ്നൽ പുനഃസ്ഥാപിച്ചത്. ഇത്രയും നേരം സ്റ്റേഷനിലേക്കു പൈലറ്റിങ് സംവിധാനത്തിലൂടെയാണ് ട്രെയിനുകൾ എത്തിച്ചത്. മോഷണത്തെക്കാളും ട്രെയിൻ അട്ടിമറി സാധ്യതയാണ് ആർ.പി.എഫ് സംഘം വിലയിരുത്തുന്നത്. കാരണം റിലേ റൂമിലെ കേബിളുകൾ വളരെ ചെറുതാണ്.
ഇത്രയും കേബിളുകൾ മുറിച്ചു കടത്തിയാൽ തന്നെ തുച്ഛമായ തുകയേ ലഭിക്കൂ. അതിനാൽ റൂമിനുള്ളിൽ കയറി കേബിളുകൾ മോഷ്ടിക്കാനുള്ള സാധ്യത കുറവാണ്. എന്നാൽ കേബിളുകൾ മുറിച്ചശേഷം ഇവ മാറ്റി കണക്ട് ചെയ്താൽ ട്രെയിൻ അട്ടിമറി ഉൾപ്പെടെയുള്ളവയ്ക്കു സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ സംശയിക്കുന്നു.
ചിന്നക്കട റെയിൽവേ മേൽപാലത്തിനു താഴെയുള്ള സ്ഥലം സാമൂഹിക വിരുദ്ധ സംഘത്തിന്റെ താവളമാണ്. കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിക്ക് അടിമകളായ സാമൂഹിക വിരുദ്ധ സംഘമാണോ സംഭവത്തിനു പിന്നിലെന്നും ആർ.പി.എഫ് അന്വേഷിക്കുന്നു. ആന്ധ്രപ്രദേശിൽ നിന്നുള്ള തൊഴിലാളികൾ ഇവിടം കേന്ദ്രീകരിച്ചു ജോലി ചെയ്യുന്നുണ്ട്. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു.