തിരുവനന്തപുരം : കെ.സുധാകരൻ കെപിസിസി പ്രസിഡന്റായി സ്ഥാനമേറ്റ ചടങ്ങിനെത്തിയ പ്രവർത്തകർക്കെതിരെ പോലീസ് കേസ്. കെപിസിസി ഓഫിസിനു മുൻപിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ കൂട്ടം കൂടിയതിനാണു മ്യൂസിയം പോലീസ് കേസെടുത്തത്. പ്രാദേശിക നേതാക്കൾ ഉൾപ്പെടെ കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കേസ്. സ്ഥാനാരോഹണച്ചടങ്ങിനു പാർട്ടി ആസ്ഥാനത്തെത്തിയ പ്രവർത്തകരെല്ലാം മാസ്ക് ധരിച്ചിരുന്നു.
ഓഫിസിലേക്കു പ്രവേശിക്കുന്നിടത്തു സാനിറ്റൈസറും സജ്ജമാക്കിയിരുന്നു. കോവിഡ് മാനദണ്ഡം പാലിക്കുന്നതിനെക്കുറിച്ചു നേതാക്കൾ ഇടയ്ക്കിടെ പ്രവർത്തകരെ ഓർമിപ്പിച്ചെങ്കിലും സാമൂഹിക അകലം പാലിക്കപ്പെട്ടില്ല. സ്ഥലപരിമിതി മൂലം പ്രവർത്തകർ കൂട്ടം കൂടി. പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. രാഷ്ട്രീയപ്രേരിതമായാണു പോലീസ് നടപടിയെന്ന ആക്ഷേപം കോൺഗ്രസ് നേതാക്കൾക്കിടയിൽ ഉണ്ട്.
തെരഞ്ഞെടുപ്പു വിജയാഘോഷത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എൽഡിഎഫ് നേതാക്കൾ കൂട്ടംകൂടി കേക്ക് മുറിക്കുകയും പങ്കുവയ്ക്കുകയും ചെയ്തിരുന്നു. സ്ഥാനമേൽക്കുന്നതിനു മുൻപു മുഖ്യമന്ത്രി ഉൾപ്പെടെ നിയുക്ത മന്ത്രിമാർ പുന്നപ്ര–വയലാർ രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തിയപ്പോഴും സാമൂഹിക അകലം പാലിച്ചിരുന്നില്ല. ഈ സംഭവങ്ങളിൽ കേസെടുക്കാൻ പോലീസ് തയാറായില്ലെന്നാണ് ആരോപണം.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ നൂറുകണക്കിനു പേരെ അഭിമുഖത്തിനു വിളിച്ചുവരുത്തിയ സംഭവത്തിലും കേസ് വേണ്ടെന്നായിരുന്നു തീരുമാനം. തന്നെ സിപിഎം ഭയപ്പെടുന്നതുകൊണ്ടാണു ചുമതലയേൽക്കുന്നതിനു മുമ്പുപോലും പലതരത്തിലും കടന്നാക്രമിക്കുന്നതെന്നു കെ.സുധാകരൻ സ്ഥാനാരോഹണച്ചടങ്ങിൽ ആരോപിച്ചിരുന്നു. ഇതു ശരിവെയ്ക്കുന്നതാണ് ഇതേ ചടങ്ങിനെതിരെയുള്ള പോലീസ് കേസെന്നാണു കോൺഗ്രസ് നേതാക്കളുടെ ആരോപണം.