കോഴിക്കോട് : കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നടന്ന 300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് പുറത്തായതോടെ സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളിൽ നിക്ഷേപണം പിൻവലിക്കുന്നവരുടെ തിരക്കാണ്. മുൻ മന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്തീന്റ വീട്ടിലടക്കം ഇ ഡി റെയ്ഡ് നടത്തിയതും ഓരോ ദിവസമെന്നോണം കരുവന്നൂർ ബാങ്കിനെക്കുറിച്ച് വരുന്ന നിറം പിടിപ്പിച്ച വാർത്തകളും സാധാരണക്കാരെ ഭയപ്പെടുത്തി.
കരുവന്നൂരിന്റെ വെളിച്ചത്തിൽ ‘ഞങ്ങളുടെ പണം നിങ്ങൾ കൊള്ളയടിക്കില്ല എന്നതിന് എന്താണ് ഉറപ്പ്’ എന്നാണ് പലരും ജീവനക്കാരോട് ചോദിക്കുന്നത്. അതിനിടെ കരുവന്നൂരിന് പിന്നാലെ മറ്റ് അഞ്ചാറ് ബാങ്കുകളും പ്രതിസന്ധിയിലായത് നിക്ഷേപകരിൽ ഭീതി വർധിപ്പിച്ചിട്ടുണ്ട്. പത്തനംതിട്ട മൈലപ്ര സർവീസ് സഹകരണ ബാങ്കാണ് ഇതിലൊന്ന്. ഇവിടെ ക്രമക്കേട് നടത്തി കീശയിലാക്കിയ കോടികൾ എന്തു ചെയ്തുവെന്ന് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കയാണ്. തട്ടിയെടുത്ത പണം കേരളത്തിൽ ബിനാമി നിക്ഷേപം നടത്തിയെന്ന സൂചനയെ തുടർന്ന് നിലവിൽ കസ്റ്റഡിയിലുള്ള മുൻ സെക്രട്ടറി ജോഷ്വാ മാത്യുവുമായി തമിഴ്‌നാട്ടിൽ തെളിവെടുപ്പ് നടത്തിയിരുന്നു.