അടൂര്‍ : പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവര്‍ ക്ഷേത്രത്തില്‍ ഉരുളിച്ച വഴിപാടിന് തിരക്കേറുന്നു. അഭീഷ്‌ടകാര്യസിദ്ധിയ്‌ക്കായി ഉത്സവനാളുകളില്‍ നടക്കുന്ന പ്രധാന വഴിപാടുകളിലൊന്നാണ് ഉരുളിച്ച. കൊടിയേറിയതിന് ശേഷം ആറാട്ട് ഉത്സവ ദിവസം വരെ പ്രായഭേദമെന്യേ ഭക്തര്‍ ശയനപ്രദക്ഷിണം നടത്താനെത്തുന്നു. ഉരുളിച്ച വഴിപാടിന് ശേഷം മഹാദേവന്റെ ഇഷ്‌ട വഴിപാടായ ഉണ്ണിയപ്പവും ഭക്തര്‍ സ്വീകരിക്കുന്നു. കൂടാതെ ഉരുളിച്ച വഴിപാടിന് വരുന്നവരുടെ ഭവനങ്ങളില്‍ ഉണ്ണിയപ്പം തയാറാക്കി ഉരുളിച്ചയ്‌ക്ക് ശേഷം തിരികെ എത്തുമ്പോള്‍ ആദ്യം ഇത് ഉരുളിച്ച വഴിപാടില്‍ പങ്കെടുത്തയാള്‍ക്ക് നല്‌കുന്നു.
പ്രധാന വഴിപാടായ ഉണ്ണിയപ്പം, പായസം എന്നിവ നടത്താനും തിരക്കേറെ. വെള്ളനിവേദ്യം, കടുംപായസം, പാല്‍പ്പായസം, ഇടിച്ചു പിഴിഞ്ഞ പായസം, അരവണ, എള്ളുപായസം എന്നീ വഴിപാടുകളും ഉണ്ട്. ജലധാര, ക്ഷീരധാര, മൃത്യുഞ്‌ജയഹോമം, നിറമാല, അഷ്‌ടദ്രവ്യ മഹാഗണപതി ഹോമം, നീരാഞ്‌ജനം, പുഷ്‌പാഭിഷേകം, കളഭാഭിഷേകം, നന്ദികേശ സമര്‍പ്പണം എന്നീ വഴിപാടുകളുമുണ്ട്. ഉത്സവകാലത്ത് ഉത്സവബലി, ഉരുളിച്ച വഴിപാട്, കുട്ടികള്‍ ചെറിയ എടുപ്പുകാളകളെ ക്ഷേത്രമുറ്റത്ത് എത്തിച്ച് ഭക്‌തരെ കൊണ്ട് കളിപ്പിക്കുക തുടങ്ങിയ വഴിപാടുകളും ഉണ്ട്.