ചെന്നൈ : ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. മൂന്ന് സ്പിന്നര്‍മാരുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. രവീന്ദ്ര ജഡേജക്കും കുല്‍ദീപ് യാദവിനുമൊപ്പം ആര്‍ അശ്വിനും പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ മുഹമ്മദ് ഷമി പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. പേസര്‍മാരായി മുഹമ്മദ് സിറാജും ജസ്പ്രീത് ബുമ്രയുമാണ് ഇന്ത്യന്‍ ടീമിലുള്ളത്. ബാറ്റിംഗ് നിരയില്‍ ഡെങ്കിപ്പനി ബാധിച്ച ശുഭ്മാന്‍ ഗില്‍ പ്ലേയിംഗ് ഇലവനിലില്ല. ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം ഇഷാന്‍ കിഷനാണ് ഓപ്പണറായി എത്തുന്നത്.
വിരാട് കോലി മൂന്നാം നമ്പറില്‍ കളിക്കുമ്പോള്‍ നാലാം നമ്പറില്‍ ശ്രേയസ് അയ്യരും അഞ്ചാം നമ്പറില്‍ കെ എല്‍ രാഹുലും ആറാം നമ്പറില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുമാണുള്ളത്. ഓസ്ട്രേലിയന്‍ നിരയില്‍ സ്പിന്നറായി ആദം സാംപ മാത്രമാണ് പ്ലേയിംഗ് ഇലവനിലുള്ളത്. മാര്‍നസ് ലാബുഷെയ്നും ഗ്ലെന്‍ മാക്സ്‌വെല്ലുമായിരിക്കും ഓസീസിന്‍റെ മറ്റ് സ്പിന്‍ സാധ്യതകള്‍. പേസര്‍മാരായി മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡും ക്യാപ്റ്റന്‍ പാറ്റ് കമിന്‍സും കളിക്കുമ്പോള്‍ പരിക്കേറ്റ ഓള്‍ റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയ്നിസ് പ്ലേയിംഗ് ഇലവനിലില്ല. കാമറൂണ്‍ ഗ്രീനാണ് സ്റ്റോയ്നിസിന് പകരം ഓസീസിന്‍റെ പ്ലേയിംഗ് ഇലവനിലെത്തിയത്.