ന്യൂഡൽഹി : യുദ്ധവേളയിലും കടുത്ത ഇന്ധനക്ഷാമം നേരിടുന്ന മറ്റ് അടിയന്തര ഘട്ടങ്ങളിലും ഉപയോഗിക്കാൻ ഭൂഗർഭ സംഭരണികളിലാണ് ക്രൂഡ് ഓയിൽ കരുതൽ ശേഖരം. രാജ്യാന്തര ആണവോർജ ഏജൻസിയുടെ (ഐഎഇഎ) നിർദേശ പ്രകാരം അംഗരാജ്യങ്ങൾ 90 ദിവസത്തെ ഇറക്കുമതിക്കു തുല്യമായ ക്രൂഡ് ഓയിൽ ശേഖരിക്കണം. ഇന്ത്യയിൽ മംഗളൂരു, പദൂർ (കർണാടക), വിശാഖപട്ടണം (ആന്ധ്രപ്രദേശ്) എന്നിവിടങ്ങളിലാണ് ക്രൂഡ് ശേഖരിച്ചിരിക്കുന്നത്. എണ്ണ ഇറക്കുമതി പൂർണമായും നിലച്ചാൽ പോലും രാജ്യത്ത് 9.5 ദിവസത്തേക്ക് ആവശ്യമായ ഇന്ധനം സംഭരിക്കാൻ കഴിയുന്നവയാണ് ഈ സംഭരണികൾ. കൂടാതെ 64.5 ദിവസം പിടിച്ചു നിൽക്കാനുള്ള ക്രൂഡ് ശേഖരം രാജ്യത്തെ റിഫൈനറികളിലുണ്ട്.
രാജ്യത്ത് രണ്ടിടത്തു കൂടി സംഭരണി നിർമിച്ചു വരികയാണ്; ചന്ദിഖോൽ (ഒഡീഷ), പദൂർ (കർണാടക) എന്നിവിടങ്ങളിൽ. ഇന്ത്യൻ ഓയിൽ ഇൻഡസ്‌ട്രി ഡവലപ്‌മെന്റ് ബോർഡിന്റെ കീഴിൽ 2005 ൽ സ്ഥാപിതമായ ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസേർവ്സ് ലിമിറ്റഡാണ് ക്രൂഡ് ഓയിൽ ശേഖരത്തിന്റെ ചുമതല വഹിക്കുന്നത്. കരുതൽ ശേഖരത്തിൽ നിന്ന് 50 ലക്ഷം ബാരൽ ക്രൂഡ് 7 മുതൽ 10 ദിവസങ്ങൾക്കകം മംഗലൂരു റിഫൈനറിക്കും ഹിന്ദുസ്ഥാൻ പെട്രോളിയത്തിനും ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. 3.8 കോടി ബാരലാണ് വിശാഖപട്ടണത്തും മംഗലൂരിലുമായി ഇന്ത്യയുടെ കരുതൽ ശേഖരം.
ഇതാദ്യമായാണ് ഇന്ത്യ കരുതൽ ശേഖരത്തിൽനിന്ന് ക്രൂഡ് ലഭ്യമാക്കുന്നത്. 2011 ൽ ലിബിയയിൽ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലും 2005 ൽ കത്രീന ചുഴലിക്കാറ്റ് എണ്ണ ഉൽപാദന കേന്ദ്രങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചപ്പോഴും 1991 ൽ ഇറാഖിനെ ആക്രമിച്ചപ്പോൾ എണ്ണ വിപണിയിലുള്ള പ്രശ്നങ്ങൾ കണക്കിലെടുത്തും യുഎസ് കരുതൽ ശേഖരത്തിൽനിന്ന് ക്രൂഡ് എത്തിച്ചു. വില നിയന്ത്രിക്കാൻ കരുതൽ ശേഖരത്തിൽ തൊടുന്നതിന് ജപ്പാന് നിയമപരമായ തടസ്സമുണ്ട്. അതിനാൽ നിയമപ്രകാരം ആവശ്യമുള്ള മിനിമം ശേഖരം നിലനിർത്തി ബാക്കിയുള്ളത് വിപണിക്കു നൽകാനാണ് ജപ്പാൻ ആലോചിക്കുന്നത്. വില നിയന്ത്രണത്തിനായി ഉൽപാദനം വർധിപ്പിക്കാൻ ഇന്ത്യ നേരത്തേ എണ്ണ കയറ്റുമതി രാജ്യങ്ങളോട് (ഒപെക്) ആവശ്യപ്പെട്ടിരുന്നു. യൂറോപ്പിൽ വീണ്ടും കോവിഡ് വ്യാപിക്കുന്നതു പരിഗണിക്കുമ്പോൾ, ഉൽപാദനം വർധിപ്പിക്കുന്നത് ഗുണകരമല്ലെന്നാണ് ഒപെക് വാദം.