തിരുവനന്തപുരം : കോവിഡ് സാഹചര്യത്തില്‍ ബിരുദപഠനത്തിന് കേരളം വിടേണ്ടെന്ന് തീരുമാനിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം അര ലക്ഷത്തിലേറെ. സംസ്ഥാനത്തെ നാല് സര്‍വകലാശാലകള്‍ക്ക് കീഴിലെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ ബിരുദ കോഴ്സുകളിലേക്ക് ഈ വര്‍ഷം ആകെ ലഭിച്ചത് 3.32 ലക്ഷം അപേക്ഷകളാണ്. കഴിഞ്ഞ വര്‍ഷം 2.73 ലക്ഷമായിരുന്നു. 59983 പേരുടെ വര്‍ധന.
കോവിഡ് വ്യാപനം ഇതര സംസ്ഥാനങ്ങളിലും വിദേശത്തും ഉപരിപഠനത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കാല്‍ലക്ഷത്തിനും അരലക്ഷത്തിനുമിടയില് അപേക്ഷകര്‍ വര്‍ധിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അരലക്ഷവും കവിഞ്ഞതോടെ സീറ്റുകള്‍ക്ക് വേണ്ടി മത്സരവും വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വാശ്രയ മേഖലയില്‍ ഏഴായിരത്തോളം സീറ്റ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. വര്‍ധന പര്യാപ്തമല്ലാത്ത രീതിയിലാണ് അപേക്ഷകളുടെ പെരുപ്പം. സംസ്ഥാനത്തെ നൂറില്‍പരം കോളജുകളില്‍ ചുരുങ്ങിയത് ഒരു പുതുതലമുറ കോഴ്സെങ്കിലും ഈ വര്‍ഷം അനുവദിക്കാന്‍ നടപടികള്‍ അന്തിമഘട്ടത്തിലാണ്. ഇതുവഴി വര്‍ധിക്കുന്ന സീറ്റും വിദ്യാര്‍ത്ഥി പ്രവേശനത്തിന് ഉപയോഗിക്കാനാകും.
കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ കോളജുകളിലാണ് അപേക്ഷകര്‍ ഗണ്യമായി വര്‍ധിച്ചത്. ആകെ 1.35 ലക്ഷം അപേക്ഷകര്‍. കഴിഞ്ഞ വര്‍ഷം ഇത് 95233 ആയിരുന്നു. 40000 പേരുടെ വര്‍ധന. കേരള സര്‍വകലാശാലയില്‍ 82486 അപേക്ഷകരുണ്ട്. കഴിഞ്ഞ വര്‍ഷം 79623 പേരായിരുന്നു. എം.ജിയില്‍ കഴിഞ്ഞ വര്‍ഷം 72065 അപേക്ഷകരായിരുന്നു. ഇൗ വര്‍ഷം 80006 പേരുണ്ട്. കണ്ണൂരില്‍ കഴിഞ്ഞ വര്‍ഷം 28000 അപേക്ഷകരും ഇത്തവണ 35491 പേരുമുണ്ട്.
മൂന്ന് ഘട്ട അലോട്ട്മെന്റുകളിലൂടെ ഇതിനകം നാല് സര്‍വകലാശാലകളിലുമായി 1,28,767 പേര്‍ക്കാണ് ബിരുദ പ്രവേശനം ഉറപ്പായത്. മെറിറ്റ് ക്വോട്ടയില്‍ നാല് സര്‍വകലാശാലകളിലുമായി ശേഷിക്കുന്നത് 30000 സീറ്റാണ്. മാനേജ്മെന്റ്, കമ്യൂണിറ്റി ക്വോട്ട സീറ്റ് കൂടിയാകുമ്പോള്‍ അര ലക്ഷത്തോളം സീറ്റ് കൂടെ ലഭിക്കും. എന്നാലും ഒന്നേകാല്‍ ലക്ഷത്തിലധികം പേര്‍ക്ക് സീറ്റുണ്ടാകില്ല. ഇവര്‍ക്ക് വിദൂര വിദ്യാഭ്യാസത്തെ ആശ്രയിക്കേണ്ടിവരും.