തൊടുപുഴ : മൂന്നാര്‍ സിഎസ്ഐ പള്ളിയില്‍ ലോക്ക് ഡൌണ്‍ കാലത്ത് നടത്തിയ ധ്യാനത്തില്‍ പങ്കെടുത്ത ഒരു വൈദികന്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരം വെസ്റ്റ് മൗണ്ട് സഭ വൈദികന്‍ വൈ ദേവപ്രസാദ് ആണ് മരിച്ചത്. കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ ധ്യാനത്തില്‍ പങ്കെടുത്ത് മരിച്ച വൈദികരുടെ എണ്ണം നാലായി.
ഏപ്രില്‍ 13 മുതല്‍ 17 വരെയാണ് മൂന്നാറില്‍ സഭ ധ്യാനം സഘടിപ്പിച്ചത്. ധ്യാനത്തിന് ശേഷം തിരിച്ചെത്തിയ വൈദികര്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കാതെ സഭാ വിശ്വാസികളുമായി അടുത്തിടപഴകുകയും ചെയ്ത സാഹചര്യത്തില്‍ സഭയ്ക്കെതിരേ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ 27ന് സഭാ വിശ്വാസിയായ തിരുവനന്തപുരം സ്വദേശി മോഹനന്‍ ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. ഗുരുതരമായ വീഴ്ച ഉണ്ടായെന്ന് വ്യക്തമായിട്ടും അധികൃതര്‍ സഭയ്ക്കെതിരേ നടപടി സ്വീകരിച്ചില്ലെന്നാണ് പരാതിക്കാരന്റെ ആരോപണം. ബിഷപ്പ് ധര്‍മരാജ് റസാലവും വൈദികരുമടക്കം 450 പേരാണ് മൂന്നാറിലെ ധ്യാനത്തില്‍ പങ്കെടുത്തത് . ഇതില്‍ ബിഷപ്പടക്കം എണ്‍പതോളം വൈദികര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.