കൊച്ചി: തീരദേശ പരിപാലനനിയമം ലംഘിച്ചാണ് നിര്‍മാണമെന്ന് കണ്ടെത്തിയതോടെയാണ് 2013ല്‍ കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. കഴിഞ്ഞ ജനുവരിയില്‍ സുപ്രീംകോടതിയും ഇത് ശരിവെച്ചു. ആലപ്പുഴ ചേര്‍ത്തലയിലെ നെടിയംതുരുത്തില്‍ മുത്തൂറ്റ് മിനി ഗ്രൂപ്പും കാപ്പിക്കോ കുവൈറ്റ് കമ്പനിയും ചേര്‍ന്ന് കെട്ടിപ്പൊക്കിയ റിസോര്‍ട്ടിലേക്കായി വിദേശത്ത് നിന്ന് എത്തിച്ചത് കോടിക്കണക്കിന് രൂപയുടെ ആഡംബര വസ്തുക്കള്‍ ആയിരുന്നു.
2009 മുതല്‍ തുടങ്ങിയ ഇറക്കുമതിയില്‍ 14 കോടി രൂപ വെട്ടിച്ചതായി കസ്റ്റംസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കസ്റ്റംസ് നിരവധി തവണ നോട്ടീസ് നല്‍കിയെങ്കിലും റോയ് മാത്യു നികുതി തുക അടച്ചില്ല. തുടര്‍ന്നാണ് റോയ് മാത്യുവിനെ തിരുവല്ലയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് ഉച്ചയോടെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ എത്തിച്ചത്. അടിയന്തരമായി 14 കോടി രൂപ അടച്ചില്ലെങ്കില്‍ തുടര്‍ നടപടികളിലേക്ക് നീങ്ങുമെന്ന് റോയ് മാത്യുവിനെ കസ്റ്റംസ് അറിയിച്ചു.
കേന്ദ്ര പരോക്ഷനികുതി വകുപ്പിന്റെയും അന്വേഷണം ഇക്കാര്യത്തില്‍ പുരോഗമിക്കുകയാണ്. കാപ്പിക്കോ കുവൈറ്റ്, മിനി മുത്തൂറ്റ് എന്നി കമ്പനികളുടെ കണ്‍സോര്‍ഷ്യം റിസോര്‍ട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട് വിവിധ ബാങ്കുകളില്‍ നിന്നായി എടുത്ത വായ്പകളില്‍ 300 കോടി രൂപ തിരിച്ചടവ് മുടങ്ങിയിരുന്നു.
ഒറ്റത്തവണ തീര്‍പ്പാക്കലിന് അവസരം നല്‍കിയിട്ടും മുത്തൂറ്റ് മിനി ഗ്രൂപ്പ് തിരിച്ചടക്കേണ്ട 15 കോടി രൂപയും തിരിച്ചടച്ചിട്ടില്ല. എന്നാല്‍ റോയ് മാത്യുവിന്റെ ചോദ്യം ചെയ്യലിന് മുത്തൂറ്റ് ഗ്രൂപ്പുമായി യാതൊരു ബന്ധമില്ലെന്ന് മിനി മുത്തൂറ്റ് ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. കാപ്പിക്കോ കേരള റിസോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ റോയ് മാത്യുവിന് നാമമാത്രമായ ഓഹരിയേ ഉള്ളൂവെന്നും കമ്പനി അറിയിച്ചു.